

കോഴിക്കോട് : കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേര്‍ക്ക് രാജ്യം വിടാന്‍ നോട്ടീസ്. ഒരു കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ട് പേര്‍ക്കുമാണ് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി കേരളത്തില്‍ താമസിക്കുന്ന പാക് പൗരന്മാര് 27ന് മുമ്പ് രാജ്യം വിടണമെന്നാണ് നിര്‍ദേശം.
വ്യാപാരം, വിവാഹം ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ പാക് പൗരത്വം നേടിയ മലയാളികളാണ് മൂന്നുപേരും. മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ ഞായറാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന് കാണിച്ചാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ,വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. കറാച്ചിയില്‍ കച്ചവടം നടത്തിയിരുന്ന ഇവരുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993-ലാണ് കേരളത്തില്‍ എത്തിയത്. കണ്ണൂരില്‍ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022-ലാണ് വടകരയില്‍ എത്തിയത്. അസ്മ ചൊക്ലിയിലാണ് താമസം. 2024-ല്‍ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്.
കേരളത്തില്‍ ജനിച്ച ഹംസ 1965ലാണ് തൊഴില്‍ തേടി പാകിസ്താനിലേക്ക് പോയത്. കറാച്ചിയില്‍ കട നടത്തിയിരുന്ന സഹോദരനൊപ്പമാണ് ഹംസ ജോലി ചെയ്തിരുന്നത്. ബംഗ്ലാദേശ് വിഭജനത്തിന് ശേഷം 1972ല്‍ നാട്ടിലേക്ക് വരാന്‍ പാസ്പോര്‍ട്ട് ആവശ്യമായി വന്നപ്പോളാണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്. 2007ല്‍ കച്ചവടം അവസാനിപ്പിച്ച് കേരളത്തില്‍ എത്തിയ ഹംസ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ഹംസയ്ക്ക് ലഭിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് പൗരന്മാര്ക്കുള്ള വിസ ഇന്ത്യ റദ്ദാക്കിയിരുന്നു. പാക് പൗരന്മാരെ കണ്ടെത്തി നാടുകടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates