stray dog attack
സിയ ഫാരിസ്

കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിച്ചു
Published on

മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിച്ചു. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് (6) മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.

മാര്‍ച്ച് 29നാണു സിയ അടക്കം ആറു പേര്‍ക്കു പട്ടിയുടെ കടിയേറ്റത്. രണ്ടു മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ കുത്തിവയ്‌പെടുത്തിരുന്നു. എല്ലാ ഡോസും പൂര്‍ത്തിയാക്കിയെങ്കിലും ഒരാഴ്ച മുന്‍പു പനി വന്നതിനെത്തുടര്‍ന്നു ചികിത്സ തേടിയ സിയയ്ക്ക് നാലു ദിവസം മുന്‍പാണു പേവിഷബാധ സ്ഥിരീകരിച്ചത്. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ​ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

29ന് വൈകിട്ട് 3.30നു വീടിനടുത്ത കടയില്‍ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികില്‍ വച്ചു സിയയെ പട്ടി കടിച്ചത്. തലയിലും മേലാസകലവും കുഞ്ഞിനെ നായ കടിച്ച് മുറിവേല്‍പ്പിച്ചിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ ചൊക്ലി ഹഫീസിനും (17) കടിയേറ്റു. അവിടെ നിന്ന് ഓടിയ പട്ടി പറമ്പില്‍പ്പീടികയില്‍ 2 പേരെയും വട്ടപ്പറമ്പ്, വടക്കയില്‍മാട് എന്നിവിടങ്ങളില്‍ ഓരോരുത്തരെയും കടിച്ചു. എല്ലാവരും മെഡിക്കല്‍ കോളജിലെത്തി രണ്ടു മണിക്കൂറിനകം കുത്തിവയ്‌പെടുത്തു. അന്നു വൈകിട്ട് 6 മണിയോടെ പട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി.

ചികിത്സയ്ക്കു ശേഷം സിയ അന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെങ്കിലും 24 മണിക്കൂര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു. പിന്നീടു വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സിയയെ രണ്ടു ദിവസത്തിനു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.

മുറിവെല്ലാം ഉണങ്ങി സാധാരണ നിലയിലെത്തിയെന്നു കരുതിയിരിക്കവേയാണ് ഒരാഴ്ച മുന്‍പു പനി വന്നത്. തുടര്‍ന്ന് രണ്ടു ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ശേഷം വീണ്ടും പനി കൂടിയതിനെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു രക്ത സാംപിള്‍ തിരുവനന്തപുരത്തേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണു പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ മറ്റ് അഞ്ചു പേര്‍ക്കും അസ്വസ്ഥതകളൊന്നുമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com