

കേരളത്തിലെ ബിജെപിയുടെ പുരോഗതിയെ കുറിച്ച് താൻ ചിന്താകുലനല്ലെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരളത്തിലെ പാര്‍ട്ടിയുടെ പുരോഗതി പരിശോധിക്കേണ്ടത് ഇവിടുത്തെ നേതാക്കളാണ്. താൻ അവരെ നയിക്കാനോ പരിശോധിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും ഗവർണർ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു.
'അവർക്ക് വേണമെങ്കിൽ ഗോവയിൽ നേരിട്ടു പോയി ആ മാതൃക പരീക്ഷിക്കാവുന്നതാണ്. ഗോവയിൽ ബിജെപി പ്രവർത്തകര്‍ ഒരു മനസോടെ പ്രവർത്തിച്ചു. അധികാരത്തിന്റെ പിന്നാലെ ആയിരുന്നില്ല അന്ന് ഞങ്ങൾ. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നോ മന്ത്രിയാകുമെന്നോ കരുതിയിരുന്നില്ല. പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടു. രാവും പകലും ഒരുപോലെ പ്രവർത്തിച്ചു. ജനങ്ങൾ ഞങ്ങൾ വോട്ടു ചെയ്തു. അതിന് മികച്ച ഫലമുണ്ടാവുകയും ചെയ്തു'- ആർലേക്കർ പറഞ്ഞു.
'ഞങ്ങളും മത്സരിക്കുന്നുണ്ടെന്ന് ആളുകളെ അറിയിക്കാൻ വേണ്ടി മാത്രമാണ് അന്ന് തെരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നത്. 200 മുതൽ 300 വരെ വോട്ടുകളാണ് ബിജെപി സ്ഥാനാർഥികൾക്ക് കിട്ടിയിരുന്നത്. 600 വോട്ടുകൾ വരെ ലഭിച്ചാൽ അത് പുരോഗതിയായി കണക്കാക്കും. ആ സ്ഥാനത്താണ് പ്രവർത്തനങ്ങളിലൂടെ ബിജെപി അധികാരത്തിൽ എത്തിയത്'.
'ഒരിക്കൽ ലോകസഭ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും ബിജെപിക്ക് ഗോവ നോർത്ത്, സൗത്ത് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നായി 50,000 ലധികം വോട്ടു ലഭിച്ചു. അധികാരത്തിൽ എത്തിയ ശേഷം കോൺഗ്രസിലെ ഒരു നേതാവ് അന്ന് പറഞ്ഞത് മണ്ഡലങ്ങളിൽ കോൺഗ്രസിന് സീറ്റ് നേടാനായെങ്കിലും ബിജെപിയുടെ വളർച്ച ആശങ്കപ്പെടുത്തുന്നുവെന്ന്. ഗോവയിൽ രാഷ്ട്രീയം മാറിമറിയാൻ സാധ്യതയുണ്ടെന്നും അന്ന് അദ്ദേഹം പ്രവചിച്ചു. ചുരുക്കം വർഷങ്ങൾ കൊണ്ട് ഞങ്ങൾ അത് നേടിയെടുക്കുകയും ചെയ്തു'. അദ്ദേഹം പറഞ്ഞു.
'കേരളത്തിലെയും ഗോവയിലെയും പ്രത്യേക സാഹചര്യമാണ് നിലനിൽക്കുന്നത്. ഗോവയിൽ ക്രിസ്ത്യൻ വിഭാഗമാണ് കൂടുതൽ. എന്നാൽ ബിജെപി നേതാക്കള്‍ താഴേക്കിടയിലേക്ക് പ്രവർത്തിക്കുകയും ആളുകളെ കാണുകയും ചർച്ചകൾ നടത്തുകയും ചെയ്തു. അവർക്ക് അവരിൽ ഒരാളെന്ന പോലെ ഞങ്ങളെ തോന്നി. അത് പക്ഷേ ബിജെപിയുടെ പ്രത്യയശാസ്ത്രം കൊണ്ടല്ല. ഞങ്ങളുടെ സൗഹൃദം മൂലമാണ്. അത് അവിടെ ഏറെ ഗുണം ചെയ്തു. കേരളത്തിലെ ബിജെപി നേതാക്കൾക്ക് വേണമെങ്കിൽ ഗോവൻ മോഡൽ പരീക്ഷിക്കാം. കേരളത്തിലെ ബിജെപിയുടെ പുരോഗതിയെ കുറിച്ച് ഇവിടുത്തെ നേതാക്കളാണ് ചിന്തിക്കേണ്ടത്'- അദ്ദേഹം പറഞ്ഞു.
ഇവിടെ വന്നതിനു ശേഷം നിരവധി സംഘടനകൾ തന്നെ സമീപിച്ചിരുന്നു. അവരിൽ പലരും ക്രൈസ്തവ നേതാക്കളായിരുന്നു. അവർ എന്നോട് വളരെ സൗഹാർദ്ദപരമായാണ് പെരുമാറിയത്. തിരിച്ച് താനും അങ്ങനെ തന്നെയായിരുന്നു. ഗോവയിലെ കാര്യങ്ങളെ കുറിച്ച് അവർ തിരക്കി. നല്ല രീതിയിൽ അവർക്കൊപ്പം സംസാരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates