
തിരുവനന്തപുരം: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണൻ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ തീരുമാനം. കോടികളുടെ വൻ തട്ടിപ്പാണ് സംസ്ഥാനത്താകെ നടന്നിരിക്കുന്നതെന്ന നിഗമനത്തിലാണ് പൊലീസ്. സംസ്ഥാനത്താകെ ഇതുവരെ 40 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
എല്ലാ പരാതികളിലും കേസെടുക്കാൻ പൊലീസ് ആസ്ഥാനത്തുനിന്ന് നിർദേശം നൽകി. പദ്ധതിയുമായി സഹകരിച്ച സ്ഥാപനങ്ങളിൽനിന്ന് വിവരം തേടും. വിവിധ ജില്ലകളിൽനിന്നു കൂടുതൽ പരാതികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന വിഭാഗത്തെ കേസുകൾ ഏൽപ്പിക്കാനുള്ള തീരുമാനം വരുന്നത്. പരിപാടിയുമായി സഹകരിച്ച കോൺഗ്രസ് നേതാവ് ലാലി വിൻസന്റിനെതിരെ ഉൾപ്പെടെ കേസെടുത്തിട്ടുണ്ട്.
കണ്ണൂർ ടൗൺ പൊലീസ് എടുത്ത കേസിൽ ഏഴാം പ്രതിയാണ് ലാലി വിൻസന്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ മാത്രം രണ്ടായിരത്തോളം പരാതികളാണ് ലഭിച്ചത്. രണ്ട് വർഷം മുൻപ് ജില്ലയിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയാണ് കോടികൾ സമാഹരിച്ചത്. കണ്ണൂർ ബ്ലോക്കിൽ 494 പേരിൽ നിന്ന് മൂന്ന് കോടിയോളം തട്ടിയെന്നാണ് കേസ്.
ഓരോ ജില്ലയിലെയും ചെറുകിട സന്നദ്ധ സംഘടനകളെ അംഗങ്ങളാക്കി നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്ന പേരിൽ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ച് അതിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. സീഡ് എന്ന സൊസൈറ്റി രൂപീകരിച്ച്, അതുവഴി രജിസ്‌ട്രേഷൻ നടത്തിയാണ് പണം സമാഹരിച്ചത്. പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് പണം സമാഹരിച്ചെങ്കിലും രജിസ്‌ട്രേഷൻ നടത്തിയവർക്ക് വാഗ്ദാനം ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറോ തയ്യൽ മെഷീനോ ലാപ്ടോപോ നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പരാതികളുമായി നിരവധിപ്പേർ രംഗത്തുവന്നത്.
സൊസൈറ്റിയുടെ കണ്ണൂരിലെ ബ്ലോക്കിലെ സെക്രട്ടറിയായ മോഹനൻ എന്നയാൾ നൽകിയ പരാതിയിലാണ് ഏഴുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. ക്രിമിനൽ വിശ്വാസ ലംഘനം, വഞ്ചന എന്നി രണ്ടു വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലാണ് സൊസൈറ്റികൾ രൂപീകരിച്ചിരിക്കുന്നത്. എല്ലാ ബ്ലോക്ക് തലത്തിലുമാണ് സൊസൈറ്റികൾ രൂപീകരിച്ചിരിക്കുന്നത്. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലീഗൽ അഡൈ്വസർ ലാലി വിൻസന്റാണ്. ലാലി വിൻസന്റിന് പുറമേ അനന്തു കൃഷ്ണൻ അടക്കമുള്ളവരാണ് മറ്റു പ്രതികൾ. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ ചെയർമാൻ കൂടിയാണ് അനന്തു കൃഷ്ണൻ. ഈ കോൺഫെഡറേഷൻ വഴിയാണ് തട്ടിപ്പ് നടന്നത്. ഈ കോൺഫെഡറേഷന്റെ ചെയർമാൻ, വൈസ് ചെയർമാൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. തട്ടിപ്പിൽ അനന്തു കൃഷ്ണനെതിരെ കോഴിക്കോട് പൊലീസും കേസെടുത്തിട്ടുണ്ട്.
അനന്തുകൃഷ്ണന്റെ തട്ടിപ്പ് 1000 കോടി കടക്കുമെന്നാണ് പൊലീസ് നിഗമനം. മുവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അനന്തു കൃഷ്ണന്റെ ഒറ്റ ബാങ്ക് അക്കൗണ്ടിൽ മാത്രം 400 കോടി രൂപയാണ് എത്തിയത്. ഇതിൽ അവശേഷിക്കുന്നതു മൂന്ന് കോടി രൂപ മാത്രമെന്നും പൊലീസ് പറയുന്നു. എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുമായും അടുപ്പം പുലർത്താനും പൊതു സമൂഹത്തിനു മുന്നിൽ ഈ അടുപ്പം പ്രദർശിപ്പിക്കാനും അനന്തു കൃഷ്ണൻ പ്രത്യേക താൽപര്യം കാണിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ വരെ രജിസ്ട്രേഷൻ ഫീസ് ഈടാക്കിയിരുന്നു. വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുൻകൂർ നൽകണം. ബാക്കി തുക വൻകിട കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽനിന്ന് ലഭ്യമാക്കും എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തിൽ കുറെപ്പേർക്കു സാധനങ്ങൾ നൽകി. ശേഷിക്കുന്നവരുടെ പണമാണ് നഷ്ടമായതെന്ന് പരാതികളിൽ പറയുന്നു.
കണ്ണൂർ ജില്ലയിലാണ് നിലവിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നത്. 2000 പരാതികൾ. ഇടുക്കിയിൽ 350 പരാതികൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 8 കേസുകൾ എടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്നു മാത്രം 700 കോടി തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാലക്കാട്ടും 11 പരാതികൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 5564 പേരും എറണാകുളം പറവൂരിൽ 2000 പേരും ഗുണഭോക്തൃ വിഹിതം അടച്ചു കാത്തിരിക്കുകയാണ്. ഇവരും പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ്. അനന്തു കൃഷ്ണന്റെ ഫ്ലാറ്റുകളിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ മൂവാറ്റുപുഴ കോടതി നാളെ പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക