

തിരുവനന്തപുരം: പകുതി വില തട്ടിപ്പിലുടെ സമാഹരിച്ച പണത്തില്‍ നിന്ന് രണ്ടുകോടി രൂപ സായ് ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ ആനന്ദ കുമാറിന് നല്‍കിയെന്ന അനന്തു കൃഷ്ണന്റെ മൊഴി. അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായെന്ന് അന്വേഷണ സംഘം പറയുന്നു.ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് അനന്തു പണം നല്‍കിയതായി പൊലീസ് പറയുന്നു. പലരുടെയും ഓഫീസ് സ്റ്റാഫുകള്‍ വഴിയാണ് പണം കൈമാറിയതെന്നുമാണ് അന്വേഷണം സംഘം കണ്ടെത്തിയത്.
കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ കൈമാറ്റം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരില്‍ ഉള്‍പ്പടെയാണ് എറണാകുളത്തെയും മൂവാറ്റുപുഴിലെയും ഇടുക്കിയിലെയും പലനേതാക്കള്‍ക്കും ലക്ഷങ്ങള്‍ നല്‍കിയത്. സഹകരണ ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. ഇതിന്റെ വാട്‌സ് ആപ്പ് മെസേജ്, അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെ പൊലീസ് പരിശോധിച്ചു. അഞ്ചിടങ്ങളില്‍ ഭൂമി വാങ്ങാന്‍ പദ്ധതിയിട്ടതായും പൊലീസ് പറഞ്ഞു. ആദ്യഘട്ടത്തില്‍ കിട്ടിയ പണം മുഴുവന്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ചെലവഴിച്ചു. പിന്നീട് സിഎസ്ആര്‍ ഫണ്ട് ഉള്‍പ്പടെ വരാത്തതാണ് തകര്‍ച്ചയിലേക്ക് പോകുന്നതെന്നാണ് അനന്തു ആവര്‍ത്തിക്കുന്നത്.
ഓഫര്‍ തട്ടിപ്പില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ് ചെയര്‍മാന്‍ കെഎന്‍ ആനന്ദ കുമാര്‍ പറഞ്ഞത്. അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റാണെന്നും അനന്തുകൃഷ്ണന്‍ നടത്തുന്നത് തട്ടിപ്പാണെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നുവെന്നും ആനന്ദ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് 80 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 62 കോടി രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനന്തുവിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. അനന്തുവിന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. അതില്‍ എട്ടുകോടി രൂപയുണ്ടായിരുന്നു.
സംസ്ഥാനത്തൊട്ടാകെ സീഡ് സൊസൈറ്റി അംഗങ്ങളില്‍ നിന്നായി 40,000 വാഹനങ്ങള്‍ നല്‍കുന്നതിനായി പകുതി വിലയായ 60,000 രൂപ വീതം അനന്തു കൈപ്പറ്റിയിട്ടുണ്ടെന്ന് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പൊലീസിന് വിവരം ലഭിച്ചു. ഇതുമാത്രം 240 കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ലാപ്ടോപ്, തയ്യല്‍മെഷീന്‍, രാസവളം എന്നിവ കൂടാതെയാണിത്. ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭിച്ചിട്ടില്ലെന്നും അനന്തു കൃഷ്ണന്‍ പൊലീസിനോട് സമ്മതിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
