കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്; ശബരിമല വിമാനത്താവളത്തിന് വിദഗ്ധ സമിതിയുടെ ഗ്രീന്‍ സിഗ്നല്‍

തൃക്കാക്കര ഭാരതമാതാ കോളജിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് നടത്തിയ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് അവലോകനം ചെയ്താണു സമിതിയുടെ ശുപാര്‍ശ
Expert committee gives green signal to Sabarimala airport
പ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിക്ക് ഗ്രീന്‍ സിഗ്നല്‍ നല്‍കി വിദഗ്ധ സമിതി. പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് ഒന്‍പതംഗ സമിതി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമന്നും സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് അവലോകനം ചെയ്ത സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

തൃക്കാക്കര ഭാരതമാതാ കോളജിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് നടത്തിയ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് അവലോകനം ചെയ്താണു സമിതിയുടെ ശുപാര്‍ശ. രണ്ടു മാസം കൊണ്ട് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് സാമൂഹിക നീതി വകുപ്പിലെ അഡീഷണല്‍ ഡയറക്ടറായിരുന്ന പി പ്രതാപന്‍ ചെയര്‍മാനായ ഒമ്പതംഗ വിദഗ്ധ സമിതി അവലോകനം ചെയ്തത്.

ഇതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം. കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റുമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ചെറുവള്ളി എസ്റ്റേറ്റ് ഇല്ലാതാകുന്നതോടെ പെരുവഴിയിലാകുന്നവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

എസ്റ്റേറ്റ് ഇല്ലാതാകുന്നതോടെ പെരുവഴിയിലാകുന്നവരുടെ ചികിത്സച്ചെലവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തണം. പദ്ധതി പ്രദേശത്തുള്ള 100 വര്‍ഷത്തിലധികം പഴക്കമുള്ള കാരിത്തോട് എന്‍എം എല്‍പി സ്‌കൂള്‍, 5 കച്ചവടസ്ഥാപനങ്ങള്‍, ഏഴ് ആരാധനാലയങ്ങള്‍ ഒരു റേഷന്‍കട, ഒരു ഡിസ്‌പെന്‍സറി എന്നിവയ്ക്കു നഷ്ടപരിഹാരം നല്‍കണം. മണിമല, കാരിത്തോട് ഭാഗങ്ങളിലുള്ള കുറച്ചു വീടുകളെ പദ്ധതി പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യം പരിശോധിക്കണം.

എന്നാല്‍ വിമാനത്താവളത്തിലൂടെ നാടിന് ഉണ്ടാകുന്ന സാമ്പത്തിക - സാമൂഹിക പ്രയോജനം പദ്ധതിയുണ്ടാക്കുന്ന സാമൂഹിക ആഘാതത്തേക്കാള്‍ കൂടുതലാണെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. അതുകൊണ്ട് സര്‍ക്കാരിന് വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാം. ശബരിമല തീര്‍ത്ഥാടകര്‍, പ്രവാസികള്‍, വിനോദസഞ്ചാരികള്‍ തുടങ്ങി ഭാവിയില്‍ വിമാനത്താവളം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കും. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസായി പദ്ധതിയെ മാറ്റിയെടുക്കാന്‍ കഴിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com