മലയോര പാതയുടെ 250 കിലോമീറ്റര്‍ യാഥാര്‍ഥ്യത്തിലേക്ക്; കോടഞ്ചേരി-കക്കാടംപൊയില്‍ ആദ്യറീച്ചിന്റെ ഉദ്ഘാടനം ശനിയാഴ്ച

സംസ്ഥാനത്ത് മലയോര മേഖലയില്‍ താമസിക്കുന്നവരുടെ സഞ്ചാരം കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ട് പണിയുന്ന മലയോര പാതയിലെ കോഴിക്കോട് ജില്ലയിലെ ആദ്യത്തെ പൂര്‍ത്തീകരിച്ച റീച്ച് ആയ കോടഞ്ചേരി-കക്കാടംപൊയില്‍ റോഡ് ശനിയാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും
First stretch of Hill Highway in Kozhikode district is to be opened on February 15
കോടഞ്ചേരി-കക്കാടംപൊയിൽ റോഡിൻറെ ആകാശ ദൃശ്യം
Updated on
1 min read

കോഴിക്കോട്: സംസ്ഥാനത്ത് മലയോര മേഖലയില്‍ താമസിക്കുന്നവരുടെ സഞ്ചാരം കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ട് പണിയുന്ന മലയോര പാതയിലെ കോഴിക്കോട് ജില്ലയിലെ ആദ്യത്തെ പൂര്‍ത്തീകരിച്ച റീച്ച് ആയ കോടഞ്ചേരി-കക്കാടംപൊയില്‍ റോഡ് ശനിയാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ 34.3 കിലോമീറ്റര്‍ ദൂരം വരുന്ന പാത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

195 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ റോഡിന് 12 മീറ്റര്‍ വീതിയുണ്ട്. റോഡിന്റെ ഇരുവശത്തും ഡ്രെയിനേജ് സംവിധാനം, ഭൂഗര്‍ഭ കേബിളുകള്‍ക്കും പൈപ്പുകള്‍ക്കുമുള്ള സൗകര്യങ്ങള്‍, സോളാര്‍ ലൈറ്റുകള്‍, സിഗ്‌നല്‍ സംവിധാനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഈ പാതയിലെ പ്രമുഖ സ്ട്രീറ്റുകളില്‍ ബസ് സ്റ്റോപ്പുകള്‍, കോണ്‍ക്രീറ്റ് നടപ്പാതകള്‍, ഗാര്‍ഡ് റെയിലുകള്‍ എന്നിവയുമുണ്ട്. കൂടരഞ്ഞിയിലെ കൂമ്പാറ, വീട്ടിപ്പാറ എന്നിവിടങ്ങളിലെ രണ്ട് പാലങ്ങളും റോഡിന്റെ ഭാഗമാണ്.

ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.'ഈ റോഡിന്റെ വികസനത്തിന്റെ അടുത്ത ഘട്ടം കക്കാടംപൊയില്‍ മുതല്‍ നിലമ്പൂര്‍ വരെയാണ്. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കോടഞ്ചേരി-കക്കാടംപൊയില്‍ റോഡ് പുല്ലൂരാംപാറയില്‍ വെച്ച് തിരുവമ്പാടി-മരിപ്പുഴ റോഡില്‍ ചേരുന്നു. ഇത് നിര്‍ദ്ദിഷ്ട ആനക്കാംപൊയില്‍-കല്ലാടി-മേപ്പാടി തുരങ്ക പാതയിലേക്ക് നയിക്കുന്നു,'- കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു.

മലയോര ഹൈവേ അഥവാ സംസ്ഥാന പാത 59 കാസര്‍കോടിലെ നന്ദരപടവ് മുതല്‍ തിരുവനന്തപുരത്തെ പാറശ്ശാല വരെ നീളുന്നു. തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മൂന്ന് റീച്ചുകളിലാണ് ഹൈവേയുടെ നിര്‍മ്മാണം നടക്കുന്നത്. അതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാണ് ഇപ്പോള്‍ തുറന്നുകൊടുക്കാന്‍ പോകുന്നത്. ജില്ലയിലെ മലയോര പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയ്ക്ക് ഈ റോഡ് വലിയ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

കക്കാടംപൊയില്‍, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന എലന്തുകടവിലെ ഇരുവഞ്ഞിപ്പുഴ, തുഷാരഗിരി വെള്ളച്ചാട്ടങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ് ടൂറിസത്തിനും ഗുണം ചെയ്യും. ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിര്‍മ്മിച്ച റീച്ചിനായി ഭൂമി വിട്ടുകൊടുത്തവര്‍ക്കായി സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സംസ്ഥാന പാതയാണ്. 54 റീച്ചുകളിലെ പ്രവൃത്തികള്‍ക്ക് കിഫ്ബി സാമ്പത്തിക സഹായം നല്‍കുന്നു. ഹൈവേയുടെ 793.68 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിന് 3,593 കോടി രൂപ കിഫ്ബി അംഗീകരിച്ചിട്ടുണ്ട്.

506.73 കിലോമീറ്റര്‍ റോഡ് പ്രവൃത്തിക്ക് സാങ്കേതിക അനുമതി ലഭിച്ചെങ്കിലും 481.13 കിലോമീറ്ററിന്റെ പ്രവൃത്തി കരാര്‍ ആയിട്ടുണ്ട്. ഇതുവരെ, 1,288 കോടി രൂപ ചെലവില്‍ 166.08 കിലോമീറ്റര്‍ മലയോര ഹൈവേ പൂര്‍ത്തിയായി. 2025 ഡിസംബറോടെ ഏകദേശം 250 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com