
കൊച്ചി: തന്റെ ഭര്‍ത്താവ് പിടി തോമസ് ദൈവത്തോടൊപ്പം തന്നെ കൈവെള്ളയില്‍ എടുത്ത് കാത്തുരക്ഷിച്ചതുകൊണ്ടാകും തനിയ്ക്ക് ഗുരുതര പരിക്കില്‍നിന്നും രക്ഷപ്പെടാന്‍ സാധിച്ചതെന്ന് ഉമ തോമസ് എംഎല്‍എ. ആശുപത്രി വിടുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിലാണ് എംഎല്‍എയുടെ പ്രതികരണം.
വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് ഉമാ തോമസ് എംഎല്‍എ പ്രതികരിച്ചു. അപകടത്തെ കുറിച്ച് തനിക്ക് ഒന്നും ഓര്‍മയില്ല.ആശുപത്രിയില്‍ എത്തിയതാണെന്ന് മനസ്സിലായിരുന്നില്ല. കാക്കി ഇട്ടവരെ കണ്ടപ്പോള്‍ പൊലീസ് സ്റ്റേഷനാണെന്നാണ് കരുതിയത്. ഡോക്ടര്‍മാരും നഴ്സുമാരും കരുതലോടെ നോക്കി. അതിജീവനത്തിന്റെ എല്ലാ ക്രഡിറ്റും ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും നല്‍കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.
പിടിയുടെ അനുഗ്രഹമാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചതെന്നും പാര്‍ട്ടി ചേര്‍ത്തുപിടിച്ചെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു. 'പി.ടി.യുടെ ഭാര്യയായതിനാല്‍ അദ്ദേഹത്തിന്റെ പള്‍സ് എനിക്കുമുണ്ട്. തിരിച്ചുവരാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. പുറത്തിറങ്ങണമെന്ന ആഗ്രഹവും. അതാവും പരിക്കുകള്‍ വേഗത്തില്‍ ഭേദമാകാന്‍ കാരണം'. ആശുപത്രിയില്‍നിന്ന് തനിക്ക് മികച്ച ചികിത്സയാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. ഡോക്ടര്‍മാരും ആശുപത്രി മാനേജ്മെന്റും കൃത്യമായ പരിചരണമാണ് നല്‍കിയത്. നഴ്സിങ് സ്റ്റാഫിനെ പിരിയാന്‍ വിഷമമുണ്ട്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ഉമ തോമസ് പറഞ്ഞു.
ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമാ തോമസ് അശാസ്ത്രീയമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക