ചെന്താമരയെ പേടി; 'കൊടുവാളുമായി നില്‍ക്കുന്നത് കണ്ടിട്ടേയില്ല', മൊഴി മാറ്റി പറഞ്ഞ് നിര്‍ണായക സാക്ഷികള്‍

കൊലപാതക ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ രണ്ടുംപേരും പിന്നീട് കൂറുമാറി. എന്നാല്‍ ചെന്താമര കൊല്ലാന്‍ തീരുമാനിച്ചിരുന്ന അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്.
nenmara double murder case
ചെന്താമര പൊലീസ് കസ്റ്റഡിയില്‍ എക്‌സ്പ്രസ്
Updated on

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ പേടിച്ച് മൊഴി നല്‍കാതെ നിര്‍ണായക സാക്ഷികള്‍. കൊലപാതകത്തിന് ശേഷം ചെന്താമര കൊടുവാളുമായി നില്‍ക്കുന്നതു കണ്ടെന്നു പറഞ്ഞ വീട്ടമ്മ ഒന്നും കണ്ടിട്ടില്ലെന്ന് പൊലീസില്‍ മൊഴി നല്‍കി. ചെന്താമര സുധാകരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരനും അറിയില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങുകയായിരുന്നു.

കൊലപാതക ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ രണ്ടുംപേരും പിന്നീട് കൂറുമാറി. എന്നാല്‍ ചെന്താമര കൊല്ലാന്‍ തീരുമാനിച്ചിരുന്ന അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. കൊലയ്ക്ക് ശേഷം ചെന്താമര ആയുധവുമായി നില്‍ക്കുന്നത് കണ്ടെന്ന കാര്യം പുഷ്പ പൊലീസിനോട് ആവര്‍ത്തിച്ചു. തന്റെ കുടുംബം തകരാന്‍ പ്രധാന കാരണക്കാരിലൊരാള്‍ പുഷ്പയാണെന്നും അവരെ വകവരുത്താന്‍ പറ്റാത്തത്തതില്‍ നിരാശയുണ്ടെന്നും ചെന്താമര മൊഴി നല്‍കിയിരുന്നു.

ജനുവരി 27ന് രാവിലെയാണ് അയല്‍വാസികളായ തിരുത്തമ്പാടം ബോയന്‍ നഗറില്‍ സുധാകരനേയും അമ്മ ലക്ഷ്മിയേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്നാണ് ചെന്താമര പിടിയിലായത്. ശാസ്ത്രീയ തെളിവുകള്‍, കൊലക്കുപയോഗിച്ച ആയുധങ്ങള്‍, പ്രതിയുടെ വസ്ത്ര എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയതായിരുന്നു ചെന്താമര. ഇപ്പോള്‍ കൊല്ലപ്പെട്ട സുധാകരന്‍ സജിതയുടെ ഭര്‍ത്താവാണ്. ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങി ഇരട്ടക്കൊല നടത്തുകയായിരുന്നു.

ആദ്യം ആലത്തൂര്‍ ജയിലിലായിരുന്ന ചെന്താമരയെ സഹതടവുകാര്‍ സുരക്ഷ സംബന്ധിച്ച ആശങ്ക പറഞ്ഞതോടെ വിയ്യൂര്‍ ജയിലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ചെന്താമര പറയുന്നത്. തന്നെ നൂറു വര്‍ഷമെങ്കിലും ജയിലിലടക്കൂവെന്നാണ് ചെന്താമര കോടതിയിലും പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com