

കോഴിക്കോട്: ശശി തരൂര്‍ എംപിയുടെ ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പേരെടുത്തു പറയാതെയാണ് മുഖ്യമന്ത്രി ലേഖനത്തെ പുകഴ്ത്തി പറഞ്ഞത്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയാണ് അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാണിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടരഞ്ഞിയില്‍ മലയോര ഹൈവെ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെയായിരുന്നു മുഖ്യമന്ത്രിയുെട പരാമര്‍ശം.
ചില മേഖലകളില്‍ വലിയ തോതില്‍ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന്, വസ്തുതകള്‍ ഉദ്ധരിച്ചുകൊണ്ട്, സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കി. അദ്ദേഹം ഒരു സാധാരണ പ്രസംഗം നടത്തുകയല്ല ചെയ്തത്. ഐടി രംഗത്ത് സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിന്റെ കണക്കെടുത്താല്‍ ലോകത്തിലുണ്ടായതിന്റെ എത്രയോ മടങ്ങ് വികാസം കേരളം നേടി. അതാണ് അക്കമിട്ട് ചൂണ്ടിക്കാണിച്ച കാര്യമെന്നും തരൂരിന്റെ ലേഖനത്തെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പരസ്യമായി പറയുന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന പദവിക്ക് അര്‍ഹതയില്ലെന്ന് ഇവര്‍ പറയുന്നു. നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് കേരളത്തിന് ആ സ്ഥാനം ലഭിച്ചത്. അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. എന്തിനാണ് കേരളത്തെ ഇകഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നത്. എല്‍ഡിഎഫിനോടുള്ള വിരോധം നാടിനോടുള്ള വിരോധമായി മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശി തരൂരിന്റെ ലേഖനത്തിനെതിരെ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതിനെ മുന്‍നിര്‍ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. നിക്ഷേപ സൗഹൃദ സംസ്ഥാനത്തില്‍ കേരളം ഒന്നാമതെത്തി. ശുപാര്‍ശ കൊണ്ട് കിട്ടിയതല്ല അത്. പത്തു നിയമങ്ങള്‍ ഭേദഗതി ചെയ്തു. നിരവധി ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. നിക്ഷേപമേഖലയിലെ മാറ്റം കേരളത്തെ വലിയ രീതിയില്‍ മുന്നോട്ടു നയിക്കുന്നു. അതിന്റെ ഭാഗമായാണ് അംഗീകാരം ലഭിച്ചത്. അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
തീരദേശ, മലയോര ഹൈവേ നിര്‍മാണത്തിന് 10,000 കോടി രൂപ വേണം. അതു ചെലവിടുന്നത് കിഫ്ബിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരാണ്. മലയോര പാത, ദേശീയ പാത, തീരദേശ പാത എന്നിവയോടൊപ്പം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന ജലപാതയും നിര്‍മാണം നടക്കുന്നുണ്ട്. പഴയകാലത്ത് ചരക്ക് ഗതാഗതം വന്‍തോതില്‍ ജലപാതയിലൂടെ നടന്നിരുന്നു. അതിനാല്‍ യാത്ര മാത്രമല്ല, ചരക്ക് ഗതാഗതവും ജലപാതയിലൂടെ നടക്കും. വടകര മുതല്‍ പുതിയ കനാലുകള്‍ വരേണ്ടതുണ്ട്. അതിന് അല്‍പ്പം സമയം പിടിക്കും. ദേശീയ പാത, തീരദേശ പാത, മലയോര പാത എന്നിവയുടെ ഇടയില്‍ 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജലപാതയും വരുന്നു. എത്ര സുന്ദരമായ കാഴ്ചയായിരിക്കും അത്. വലിയ തോതിലുള്ള മാറ്റമാണ് റോഡുകള്‍ക്കുണ്ടായത്. ഒരു കാലത്ത് ശാപമായി കണക്കാക്കിയിരുന്ന യാത്രാ ദുരിതം പരിഹാരിക്കാനാകും.
മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്രത്തില്‍നിന്ന് അര്‍ഹതപ്പെട്ടത് കിട്ടിയോ?. എന്താണ് നമുക്കുള്ള വീഴ്ച. നമ്മള്‍ ഈ രാജ്യത്തിന് ചേരാത്തവരാണോ. വിവിധ മേഖലകളില്‍ ഒന്നാം സ്ഥാനം നേടി. അങ്ങനെയുള്ള സംസ്ഥാനത്ത് ദുരന്തമുണ്ടായപ്പോള്‍ കേന്ദ്രം തിരിഞ്ഞു നിന്നു. സഹായമല്ലേ നല്‍കേണ്ടത്, വായ്പ അല്ലല്ലോ?. വായ്പ എങ്ങനെ ഉപയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കും. വായ്പ വേറെ ഭാഗം തന്നെയാണ്. സഹായം ലഭിക്കുന്നതിനുള്ള സമ്മര്‍ദം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates