
കണ്ണൂര്‍: തനിക്ക് പഠിക്കാന്‍ കഴിഞ്ഞത് അക്കാലത്തെ സര്‍ക്കാറുകള്‍ സ്‌കൂള്‍ ഫീസ് ഇല്ലാതാക്കിയത് കൊണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ പഠിച്ച പെരളശേരി എകെജി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വേണ്ടി 20 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരളശ്ശേരി ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന കാലം ഓര്‍ത്തെടുത്തു കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.ആ സൗകര്യം ഇല്ലായിരുന്നുവെങ്കില്‍ പാവപ്പെട്ട പല കുടുംബങ്ങളിലെയും കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുമായിരുന്നില്ല. സ്വകാര്യമേഖല മാത്രമായാല്‍ അവര്‍ തോന്നിയ ഫീസ് ഈടാക്കും. ഇപ്പോള്‍ ശക്തമായ പൊതുവിദ്യാഭ്യാസ മേഖല നിലനില്‍ക്കുന്നതിനാല്‍ അണ്‍ എയഡഡ്, സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ഈടാക്കാവുന്ന ഫീസിന് ഒരു പരിധിയുണ്ട്. അല്ലെങ്കില്‍ കുട്ടികളെ കിട്ടില്ല. എന്നാല്‍ അവര്‍ മാത്രമായാല്‍ ആ ഫീസ് കനത്തതാവും. അങ്ങിനെ വരുമ്പോള്‍ പാവപ്പെട്ട ജനവിഭാഗങ്ങള്‍ പഠനത്തില്‍നിന്ന് ഒഴിഞ്ഞു പോവും. ഇന്ത്യയിലെ കണക്ക് നോക്കിയാല്‍ പലയിടത്തും സ്‌കൂളുകളില്‍ പോവാത്ത കുട്ടികളുടെ കണക്ക് കാണാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
കേരളത്തിലേക്ക് വരുന്ന അതിഥി തൊഴിലാളികളുടെ കുട്ടികള്‍ നമ്മുടെ സ്‌കൂളുകളില്‍ ചേരുകയാണ്്. അപൂര്‍വം ചില പട്ടണ പ്രദേശങ്ങളില്‍ അല്ലാത്ത പ്രവണതയുമുണ്ട്. നമ്മുടെ നാട്ടില്‍ വന്ന കുട്ടി പഠിക്കാന്‍ സൗകര്യമില്ലാതെ റോഡില്‍ അലഞ്ഞുതിരിയുന്ന അവസ്ഥ വന്നാല്‍ അത് സമൂഹത്തെ പല നിലക്കും ബാധിച്ചെന്നുവരും. പുറത്തുനിന്ന് വന്ന് ഇവിടെ ജോലി എടുക്കുന്ന ഏതെങ്കിലും കുടുംബത്തിലെ ഏതെങ്കിലും കുട്ടി പഠിക്കാതിരിക്കുന്നുവെങ്കില്‍ ആ കുട്ടികളെ കണ്ടെത്തി പഠിപ്പിക്കാന്‍ ആലോചിക്കുന്ന സര്‍ക്കാറാണ് നമ്മുടെ സംസ്ഥാനത്തുള്ളത്.
ഇത്തരത്തിലുള്ള സമീപനത്തിന്റെ ഭാഗമായി നമ്മുടെ നാട് വിവിധ മേഖലകളില്‍ ശക്തിപ്പെട്ടിരിക്കുകയാണ്, കരുത്താര്‍ജിച്ചിരിക്കുകയാണ്, വലിയ മാറ്റം വന്നിരിക്കുകയാണ്. ചിലരെല്ലാം ആ മാറ്റം ഇപ്പോള്‍ പരസ്യമായി അംഗീകരിക്കുന്ന നില വന്നിട്ടുണ്ട്. അംഗീകാരം വരുമ്പോള്‍ അതിനോട് തെറ്റായ പ്രതികരണങ്ങളും വരുന്നു. തെറ്റായി പ്രതികരിക്കുന്നവരെ സമൂഹം വിലയിരുത്തും. പറയുന്ന കാര്യങ്ങള്‍ നാടിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട വസ്തുതകളാണ്. ഇന്ത്യാ ഗവണ്‍മെന്റും ലോകവും അംഗീകരിക്കുന്ന കണക്കുകളാണ്. അത്തരം കാര്യങ്ങള്‍ വെച്ചുകൊണ്ട് നാടിന്റെ വികസനം നല്ല രീതിയില്‍ മുന്നോട്ടുപോയിട്ടുണ്ട്. ഇത് പോരാ. ഇനിയും നല്ല രീതിയില്‍ മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. പുതിയ കെട്ടിടത്തില്‍ 41 ക്ലാസ് റൂമുകള്‍, രണ്ട് സ്റ്റാഫ് റൂമുകള്‍, പ്രിന്‍സിപ്പല്‍, ഓഫീസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ഓഡിറ്റോറിയം, ടോയ്ലറ്റ് സൗകര്യങ്ങള്‍, പോര്‍ച്ച്, റാമ്പ്, പ്രവേശന കവാടം, ചുറ്റുമതില്‍ എന്നിവയ്ക്കൊപ്പം ലിഫ്റ്റ് സൗകര്യവുമുണ്ട്. 12 ക്ലാസ് റൂമുകള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കിയിട്ടുണ്ട്. ഡോ. വി ശിവദാസന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, മുന്‍ എംഎല്‍എമാരായ കെ കെ നാരായണന്‍, എം വി ജയരാജന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക