
ഹിന്ദുമതം താലിബാനെ പോലെയായാൽ ലോകം നശിച്ചു പോകുമെന്ന് ആത്മമീയ നേതാവ് ശ്രീ എം. ഹിന്ദു മതത്തിലെ സ്വാതന്ത്ര്യമാണ് തന്നെ അതിലേക്ക് അടുപ്പിച്ചത്. എന്നാൽ അതു തന്നെയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഭയമെന്നും ആത്മീയ നേതാവായ ശ്രീ. എം ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു.
ശിവക്ഷേത്രങ്ങൾ കണ്ടാൽ തിരിഞ്ഞു പോകുന്ന വിഷ്ണുഭക്തരുണ്ട്. അഞ്ച് നേരം നിസ്കരിക്കുന്ന ഒരു വിശ്വാസി റെയിൽവെ സ്റ്റേഷനിലാണെങ്കിലും അയാൾ പ്രാർത്ഥിക്കും. എന്നാൽ ഹിന്ദുക്കളിലെ വിഭാഗങ്ങളെ ഒരുമിച്ചു നിർത്താൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം മതത്തിൽ ജനിച്ച താൻ 19-ാം വയസിലാണ് ആത്മീയതയിലേക്ക് തിരിഞ്ഞത്. 'ഗുരു എന്റെ തലയിൽ കൈകൾ വച്ചു. ആ സംഭവത്തിന് ശേഷമാണ് ആത്മീയത എന്നിൽ പ്രകടമാകുകയും എന്റെ ജീവിതം മാറ്റിമറിക്കുകയും ചെയ്തത്. 19 വയസ്സ് വരെ ഞാൻ തിരുവനന്തപുരത്തായിരുന്നു ജീവിച്ചത്. അവിടെ നിന്ന് നിരവധി ആത്മീയ നേതാക്കളെ കണ്ടുമുട്ടിയെങ്കിലും അവരിൽ ആരെയും എന്റെ ഗുരുവായി സ്വീകരിക്കുന്നതിനെ കുറിച്ചു ചിന്തിച്ചിരുന്നില്ല'.
'അതിനിടെയാണ് ഹിമാലയത്തിലെ ഗുരുക്കന്മാരെയും യോഗികളെയും കുറിച്ച് കേൾക്കുന്നതു അവിടെയ്ക്ക് പോവാൻ തീരുമാനിക്കുന്നതും. ആരെയും അറിയിക്കാതെയാണ് അന്ന് പോയത്. നിരവധി ബുദ്ധിമുട്ടുകൾ അന്ന് നേരിടേണ്ടി വന്നു. ഒടുവിൽ വ്യാസ ഗുഹയിൽ ബാബാജിയെ കണ്ടെത്തുകയും അദ്ദേഹത്തിന്റെ മൂന്നര വർഷം കഴിയുകയും ചെയ്തു'- അദ്ദേഹം പറഞ്ഞു.
'മുംതാസ് അലി ഖാൻ എന്നാണ് ജനനനാമം. 'എം' എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്. നാഥ് സമ്പ്രദായത്തിൽ ദീക്ഷ നൽകിയപ്പോൾ മധുകർ നാഥ് എന്നാണ് വിളിച്ചിരുന്നത്. ഗുരു എന്നെ മധു എന്ന് വിളിച്ചു. അതും 'എം' എന്ന അക്ഷരത്തിൽ തുടങ്ങുന്നു. എന്നാൽ എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന ഒരു കാര്യം ശ്രീ എം എന്ന പേരിലെ 'എം' എന്നതിന്റെ അർത്ഥം മനുഷ്യൻ അല്ലെങ്കിൽ മാനവ് എന്നാണ്. ഞാൻ ഒരു മനുഷ്യനാണ് മറ്റ് എല്ലാ നിർവചനങ്ങളിൽ നിന്ന് മുക്തനാണ്. ശ്രീ എന്നത് ആരേ വേണമെങ്കിലും വിളിക്കാവുന്നതാണ്. 'എം' എന്ന് മാത്രം വിളിച്ചാലും ഞാൻ സന്തോഷവാനാണ്'.- ശ്രീ എം പറഞ്ഞു.
'പുനർജന്മം പലർക്കും ഒരു സിദ്ധാന്തം മാത്രമാണ്, പക്ഷേ എനിക്ക് ഒരു അനുഭവമാണ്. ബാബാജി എന്റെ തലയിൽ കൈ വച്ചപ്പോൾ ജീവിതം മാറി. അദ്ദേഹം ഒരിക്കലും എന്നോട് മാറാൻ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഞാൻ ആത്മപരിശോധന നടത്തിയപ്പോൾ ചോദ്യം ചെയ്യാനും അന്വേഷിക്കാനും അംഗീകരിക്കാനും വ്യവസ്ഥ ചെയ്യുന്ന പുരാതന ഹിന്ദുമതം ഞാൻ സ്വീകരിക്കാൻ തീരുമാനിച്ചു. ഉപനിഷത്തുകളിൽ ധാരാളം സംഭാഷണങ്ങൾ കാണാം. എന്നാൽ അതിൽ എവിടെയും വിശ്വസിക്കാൻ ആവശ്യപ്പെടുന്നില്ല. അതിനു മറുഭാഗത്ത് ഒരു ദൈവത്തെ മാത്രം വിശ്വസിക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റു വിഭാഗമുണ്ട്'.
'കാൾ മാർക്സിന്റെ മൂലധനത്തിന് ഒരു സ്പിരിച്വൽ സ്വഭാവം ഇല്ല, അത് ഇക്കണോമിക് ആണ്. ഞാൻ പറയുന്നത് അദ്ദേഹം ഉപനിഷത്ത് വായിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഇതിനിടയിൽ ഒരു സ്പിരിച്ചൽ എലമെന്റ് കൂടി വന്നേനെ, വെറും ഇക്കോണമി മാത്രമല്ല. അങ്ങനെയൊരു വ്യത്യാസം വരുമായിരുന്നു'- അദ്ദേഹം പറഞ്ഞു.
'ഹിന്ദുമതത്തിൽ വളരെ വൈകിയാണ് ജാതീയത വളർന്നത്. ബ്രഹ്മസൂത്രവും മഹാഭാരതവും ആരാണ് എഴുതിയത് വേദവ്യാസനാണ്. മത്സ്യത്തൊഴിലാളി സ്ത്രീയായിരുന്നു അദ്ദേഹത്തിന്റെ അമ്മ. ഒരാളെ ജനനം കൊണ്ടല്ല, അയാളുടെ ജീവിതം നോക്കിയാണ് വിലയിരുത്തേണ്ടത്. ഇന്ന് മറ്റാരെക്കാളും മോശമായ ജീവിതം നയിക്കുന്ന നിരവധി ബ്രാഹ്മണരുണ്ട്'- ശ്രീ എം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക