
തിരുവനന്തപുരം: തന്റെ ലേഖനത്തില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എംപി. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് മാത്രമാണ് ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പറഞ്ഞിട്ടില്ല. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവര്‍ക്കും അറിയാവുന്നതാണ്. യുവാക്കള്‍ നമ്മുടെ സംസ്ഥാനം വിട്ട് വേറെ രാജ്യത്തേക്ക് പോകുന്നു. ഇതിന് പരിഹാരം ഒറ്റമാര്‍ഗമേയുള്ളു. സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടു വരണം. പുതിയ ബിസിനസ് സ്ഥാപിക്കാന്‍ തയ്യാറാകണം. ഇത് വര്‍ഷങ്ങളായി താന്‍ പറയുന്നതാണ്. മുമ്പ് തന്റെ പല പ്രസംഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട്' എന്ന അന്താരാഷ്ട്ര മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ പറയുന്നത് പ്രകാരമാണ് ലേഖനം എഴുതിയത്. സ്റ്റാര്‍ട്ടപ്പ് വിഷയത്തെക്കുറിച്ചാണ് ലേഖനത്തില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയാണ് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇനിഷ്യേറ്റീവ് എടുത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജ് സ്ഥാപിച്ചത്. 2014 ല്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്ഥാപിച്ചത്.
അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ മേഖലയില്‍ പല കാര്യങ്ങളും ചെയ്തിരിക്കുന്നത്. നല്ല കാര്യം ചെയ്താല്‍ അത് അംഗീകരിക്കണം എന്നതാണ് തന്റെ നിലപാട് എന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനത്തില്‍ കേരളത്തിലെ സാമ്പത്തിക രംഗത്തെക്കുറിച്ച് മൊത്തം എഴുതിയിട്ടില്ല. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് മാത്രമാണ് എഴുതിയിട്ടുള്ളത്. ഇംഗ്ലീഷ് വായിക്കാന്‍ അറിയാവുന്നവര്‍ക്ക് അത് വായിച്ചാല്‍ മനസ്സിലാകും.
കേരളത്തിന്റെ സാമ്പത്തിക രംഗത്ത് പല കുറ്റങ്ങളും കുറവുകളുമുണ്ട്. പല കാര്യങ്ങളും നന്നാക്കേണ്ടതുണ്ടെന്ന് താന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. തൊഴിലില്ലായ്മ കേരളത്തില്‍ വളരെ രൂക്ഷമാണ്. രാജ്യത്ത് ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ മോശം കേരളമാണ്. കാര്‍ഷിക മേഖലയില്‍, റബര്‍, കശുവണ്ടി, പൈനാപ്പിള്‍ തുടങ്ങിയ മേഖലകളിലെല്ലാം പ്രതിസന്ധിയുണ്ട്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 80 ശതമാനവും നഷ്ടത്തിലാണ്.
ഇടതുസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തിക രംഗത്തെ നയിക്കുന്നത് എല്ലാം ശരിയായ രീതിയിലാണെന്ന് ഒരിടത്തും താന്‍ പറഞ്ഞിട്ടില്ല. ലേഖനത്തില്‍ ഒരു മേഖലയെപ്പറ്റി, വസ്തുതയും കണക്കുകളും അടിസ്ഥാനമാക്കിയാണ് പറഞ്ഞത്. ഇത്തരം വിഷയങ്ങളില്‍ അടിസ്ഥാനമില്ലാതെ താന്‍ എഴുതാറില്ല. ഇതിനെ എതിര്‍ക്കുന്നവര്‍ കണക്കുകളും വസ്തുതകളും അവതരിപ്പിച്ചാല്‍ അത് ശ്രദ്ധിക്കാമെന്നും തരൂര്‍ പറഞ്ഞു.
ഒരിക്കലും എല്‍ഡിഎഫ് സര്‍ക്കാരിനോ, സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനോ നൂറുശതമാനം മാര്‍ക്ക് കൊടുത്തിട്ടില്ല. ഒരു മേഖലയില്‍ അവര്‍ ചെയ്ത കാര്യം റിപ്പോര്‍ട്ട് വായിച്ച് പിന്തുണ കൊടുക്കുകയാണ് ചെയ്തത്. അടുത്ത തവണ നിങ്ങള്‍ പ്രതിപക്ഷത്താണെങ്കില്‍, ഞങ്ങള്‍ അത് തുടര്‍ന്നാല്‍, നിങ്ങള്‍ എതിര്‍ക്കരുതെന്നും ലേഖനത്തിന്റെ അവസാന ഭാഗത്ത് പറയുന്നുണ്ട്. ഇത് കേരളത്തിന്റെ ആവശ്യമാണ്. മലയാളി ജനപ്രതിനിധി എന്ന നിലയിലാണ്, ഈ വിഷയത്തെ കണ്ടതും എഴുതിയതും. തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ലേഖനത്തില്‍ സിപിഎമ്മിന്റേ പേരോ, രാഷ്ട്രീയമോ പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെങ്കില്‍ നല്ലതെന്നും പറഞ്ഞിട്ടുണ്ട്. സ്വതന്ത്രമായി അഭിപ്രായം പറയണമെങ്കില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് മാറി നിന്ന് വേണം അഭിപ്രായം പറയേണ്ടതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശങ്ങളോട്, അങ്ങനെയൊരു ആവശ്യം വന്നാല്‍ അത് സ്വീകരിക്കാന്‍ തയ്യാറാണ് എന്നായിരുന്നു തരൂരിന്റെ പ്രതികരണം. പിണറായി വിജയന്‍ സര്‍ക്കാരിനെ ലേഖനത്തില്‍ പുകഴ്ത്തിയിട്ടില്ല. എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കട്ടെ. തെറ്റ് ബോധ്യമായാല്‍ തിരുത്തും. താനെഴുതിയത് കേരളത്തിന്റെ വികസനത്തിന് വേണ്ടിയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക