shashi tharoor
തരൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു

'പ്രശംസ' ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍; രാഷ്ട്രീയം കളിക്കാനല്ല ലേഖനം എഴുതിയത്; എന്റെ വിഷയത്തില്‍ നേതാക്കള്‍ ഒറ്റക്കെട്ടായതില്‍ സന്തോഷം; തരൂര്‍

വാതില്‍ അടച്ച് സംസാരിച്ച കാര്യം പുറത്തുപറയുന്നത് ശരിയല്ല. തനിക്ക് ആരുമായും പ്രശ്‌നവുമില്ല. പ്രശ്‌നമുള്ളവര്‍ പറയട്ടെ. ചിലവിഷയങ്ങള്‍ രാഹുലിനോട് സംസാരിക്കാനുണ്ടായിരുന്നു. അതിനാണ് ഡല്‍ഹിയില്‍ പോയത്.
Published on

തിരുവനന്തപുരം: തന്റെ ലേഖനത്തില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി. വിവാദമുണ്ടാക്കാനോ രാഷ്ട്രീയം കളിക്കാനോ അല്ല ലേഖനമെഴുതിയത്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച പോസിറ്റിവായിരുന്നു. കൂടിക്കാഴ്ചയെ പറ്റി കൂടുതല്‍ പറയാനില്ലെന്നും തന്റെ വിഷയത്തിലെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നായതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. താന്‍ ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും തരൂര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ താനും രാഹുലും മാത്രമാണ് ഉണ്ടായിരുന്നത്. നല്ല കൂടിക്കാഴ്ചയായിരുന്നു. വാതില്‍ അടച്ച് സംസാരിച്ച കാര്യം പുറത്തുപറയുന്നത് ശരിയല്ല. തനിക്ക് ആരുമായും പ്രശ്‌നവുമില്ല. പ്രശ്‌നമുള്ളവര്‍ പറയട്ടെ. ചിലവിഷയങ്ങള്‍ രാഹുലിനോട് സംസാരിക്കാനുണ്ടായിരുന്നു. അതിനാണ് ഡല്‍ഹിയില്‍ പോയത്. താന്‍ ആര്‍ക്കെതിരെയും പരാതി പറയുന്ന വ്യക്തിയല്ല. വരുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചോ, അതിന്റെ ഉത്തരവാദിത്തെ കുറിച്ചോ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തില്ലെന്നും തരൂര്‍ പറഞ്ഞു.

ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണ്. ഇനി താന്‍ എഴുതിയതിനെക്കാള്‍ നല്ല ഡാറ്റ കാണിച്ചുതന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. കേരളത്തിലെ വ്യവസായങ്ങളെ പറ്റി പതിനാറ് വര്‍ഷമായി പറയുന്ന കാര്യമാണ് ഇത്. അതിനിടെ പെട്ടന്ന് കണ്ട ഒരു റിപ്പോര്‍ട്ടില്‍ പതിനെട്ട് മാസത്തിനിടെ കേരളം ഒന്നാമതെത്തിയെന്ന കാര്യങ്ങള്‍ കണ്ടപ്പോള്‍ ആര്‍ട്ടിക്കള്‍ എഴുതുകയായിരുന്നെന്ന് തരൂര്‍ പറഞ്ഞു.

തനിക്ക് ആരുമായി പ്രശ്‌നങ്ങളില്ല. വിവാദത്തിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും തരൂര്‍ പറഞ്ഞു. ഈ വിഷയത്തെ കുറിച്ചെങ്കിലും ചര്‍ച്ചയുണ്ടാകട്ടെ. ഇത്തരം വിഷയങ്ങളാണ് പാര്‍ട്ടികളില്‍ ചര്‍ച്ച ചെയ്യേണ്ടത്. പാര്‍ട്ടിക്കാര്യങ്ങള്‍ മാത്രം പോരാ. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്ലാന്‍ ഉണ്ടോയെന്നാണ് അവര്‍ നോക്കുന്നത്. റിപ്പോര്‍ട്ട് എഴുതാന്‍ താന്‍ സൈറ്റ് ചെയ്തത് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടാണ്, അല്ലാതെ സിപിഎം ഡോക്യമെന്റ് അല്ല. ഇത് സത്യമാണെങ്കില്‍ നല്ല കാര്യമാണെന്നാണ് എഴുതിയത്. രാഷ്ട്രീയം കളിക്കാനല്ല ലേഖനം എഴുതിയതെന്നും തരൂര്‍ പറഞ്ഞു.

ഡിവൈഎഫ്‌ഐക്കാര്‍ പരിപാടിക്ക് വിളിച്ചിരുന്നു. അന്നേദിവസം മറ്റൊരു പരിപാടി ഉണ്ടെന്ന് അവരെ അറിയിച്ചു. അവര്‍ വന്ന് ഫോട്ടോ എടുത്തിട്ട് പോയി. അന്ന് മറ്റ് പരിപാടികള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് അത് ഒരുസാങ്കല്‍പിക ചോദ്യമാണെന്നായിരുന്നു തരൂരിന്റെ മറിപടി. സാധാരണ പല വിഷയങ്ങളിലും പാര്‍ട്ടിയില്‍ തമ്മില്‍ തല്ലുണ്ടാകാറുണ്ട്. തന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായതില്‍ സന്തോഷമെന്നും തരൂര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com