'തരൂര്‍ ചെയ്തത് ശരിയായില്ല; മറ്റൊരു കെവി തോമസ് ആകില്ല'

സിപിഎമ്മിനെ പിന്തുണച്ചത് ബോധപൂര്‍വമായ കളം ആണെന്ന് കരുതുന്നില്ല
k sudhakaran
കെ സുധാകരൻ ഫയൽ
Updated on

തൃശൂര്‍: ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. ശശി തരൂര്‍ മറ്റൊരു കെവി തോമസ് ആകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിനെ പിന്തുണച്ചത് ബോധപൂര്‍വമായ കളം ആണെന്ന് കരുതുന്നില്ല. അദ്ദേഹം അഭിപ്രായം പറഞ്ഞ് കുടുക്കില്‍ വീണുപോയതാണെന്നാണ് കരുതുന്നത്. തരൂരിനെ ആരും പാര്‍ട്ടിയില്‍ വിമര്‍ശിച്ചിട്ടില്ല. തിരുത്താവുന്ന കാര്യങ്ങളേയുള്ളൂ. അതു തിരുത്തിയാല്‍ മതി. എ കെ ബാലന്റെ ചൂണ്ടയിലൊന്നും കൊത്തില്ല. ഭരണമുണ്ട്, സ്ഥാനമാനങ്ങളുണ്ട്, കൊടുക്കാന്‍ എന്തും അവരുടെ കയ്യിലുണ്ട്. എന്നിട്ടും ഒരു പൂച്ചപോലും പോയിട്ടില്ലല്ലോയെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് പ്രകോപനമുണ്ടാക്കി, എന്തിനെയും ഏതിനെയും എതിര്‍ക്കാനും കരുത്തുപകരാനും വഴിമരുന്നിടുന്ന പാര്‍ട്ടി പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നാണ് താന്‍ കരുതുന്നത്. കേരളത്തില്‍ നേതൃപ്രതിസന്ധിയുണ്ടെന്ന് തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടല്ലോയെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സുധാകരന്റെ പ്രതികരണം ഇങ്ങനെ. എന്റെ ലീഡര്‍ഷിപ്പിന്റെ കപ്പാസിറ്റി വിലയിരുത്തേണ്ടത് അദ്ദേഹത്തെപ്പോലെയുള്ള നേതാക്കളാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയെങ്കില്‍ അതില്‍ പരാതി പറയാന്‍ പറ്റില്ലല്ലോ. നന്നാകാന്‍ നോക്കണം. സുധാകരന്‍ പറഞ്ഞു.

തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. എന്തു പ്രശ്‌നമുണ്ടെങ്കിലും അദ്ദേഹത്തിന് ദേശീയ നേതൃത്വവുമായി സംസാരിക്കാം. എന്തു മാറ്റം വേണമെങ്കിലും നിര്‍ദേശിക്കാം. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് താന്‍ കരുതുന്നത്. കെപിസിസി നോക്കേണ്ട കാര്യമല്ല അത്. അദ്ദേഹത്തിന് തന്നെ അത് തിരുത്താനും സാധിക്കുന്ന ആളാണ്. പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂരിനെപ്പൊലെ ഒരാള്‍ പൊതുവേദിയില്‍ പ്രതികരിച്ചത് യുക്തമായില്ല എന്നാണ് തന്റെ അഭിപ്രായം.

പരസ്യമായി മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം ശരിയല്ല. പാര്‍ട്ടി വേദിയിലാണ് കാര്യങ്ങള്‍ പറയേണ്ടത്. ശശി തരൂരിനെ എല്ലാക്കാലത്തും പിന്തുണച്ച ആളാണ് താന്‍. ഇപ്പോഴും താന്‍ പിന്തുണയ്ക്കുന്നു. പക്ഷെ അതിരുവിട്ട് പോകരുതെന്ന് ആഗ്രഹമുണ്ട്. അത് പറയാന്‍ നാലുതവണ ഫോണ്‍വിളിച്ചെങ്കിലും കിട്ടിയില്ല. അത് അദ്ദേഹത്തോട് പറയും. ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ടു പോകുമെന്ന് ഒരിക്കലും കരുതുന്നില്ല. തരൂരിന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്ക് കരുത്തു പകരുമെന്നും കെ സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com