

കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി (യുഎൽസിസിഎസ്) 100-ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. വാഗ്ഭടാനന്ദ ഗുരു 1925 ൽ എന്താണോ വിഭാവനം ചെയ്തത് അന്നു മുതൽ ഇന്നുവരെ ഗുരുവിന്റെ ദർശനങ്ങൾക്ക് മൂല്യശോഷണം വരാതെ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞെന്നും അതുകൊണ്ടാണ് ഇവിടെവരെ എത്തിയതെന്നും യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. അന്ന് ജനങ്ങൾക്ക് പാർപ്പിടമോ ഭക്ഷണമോ വിദ്യാഭ്യാസമോ ഉണ്ടായിരുന്നില്ല. രാജ്യത്ത് മൊത്തം ഇതായിരുന്നു അവസ്ഥ. ഇവിടെ, ഇതിന് മാറ്റംവരണം എന്ന ചിന്തയിൽ നിന്നാണ് ഒരുകൂട്ടം സാമൂഹികപ്രവർത്തകർ സൊസൈറ്റിക്ക് രൂപം നൽകിയതെന്ന്" ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.
"കള്ളപ്പണം വെളുപ്പിക്കാനായി സിപിഎമ്മിന്റെ ബിനാമിയായി ഊരാളുങ്കലിനെ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ചും രമേശൻ പ്രതികരിച്ചു. ലോക റാങ്കിൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ള ഒരു പ്രസ്ഥാനമാണിത്. ഇന്ത്യയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനം അല്ലെങ്കിൽ ഇത്രയും പേർക്ക് തൊഴിൽ കൊടുക്കുന്ന ഒരു മാതൃകാ സ്ഥാപനത്തെക്കുറിച്ച് പഠിക്കണമായിരുന്നു.
സർക്കാർ പഠിക്കണമായിരുന്നു. കേന്ദ്രമായാലും സംസ്ഥാനമായാലും അത് പഠിച്ചിട്ട് ഇതിൽ എന്തെങ്കിലും അഴിമതിയോ കൊള്ളപ്പണമോ കള്ളപ്പണമോ എന്തെങ്കിലുമുണ്ടെങ്കിൽ പറയട്ടെ, ശിക്ഷിക്കട്ടെ. ഇതൊരു സഹകരണ സ്ഥാപനമാണ്. അവിടെ ആർക്കു വേണമെങ്കിലും വന്ന് പരിശോധിക്കാമല്ലോ. പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇത് തന്നെയാണ് കേരളത്തിന്റെ വികസനത്തിന് ഏറ്റവും തടസം. പഠിക്കാതെ പറയുന്ന കൊണ്ടാണ്, പഠിച്ച് പറയട്ടെ.
വളർന്നു വരുന്ന ഒരു പ്രസ്ഥാനത്തെ നമ്മൾ അംഗീകരിച്ചില്ലെങ്കിലും ദുഷിക്കരുത്. 18,000 പേരുടെ കുടുംബം എന്ന് പറഞ്ഞാൽ ഏകദേശം ഒരു ലക്ഷത്തോളം പേർ ജീവിക്കുന്ന ഒരു പ്രസ്ഥാനമാണ്. അങ്ങനെയൊരു പ്രസ്ഥാനം വേറെ ഇല്ലല്ലോ. പാലാരിവട്ടം പാലം പോലും വേഗത്തിൽ ഞങ്ങൾ പുനർനിർമിച്ചു. ലോകത്ത് എവിടെ നോക്കിയാലും നിർമാണ മേഖലയിൽ അഴിമതിയില്ലാത്ത സ്ഥലമുണ്ടാകില്ല. പക്ഷേ ഞങ്ങളുടെ പ്രസ്ഥാനത്തിന് ഒരാശയമുണ്ട്.
തൊഴിലാളി പ്രസ്ഥാനത്തിനെ സഹായിക്കാനായി എന്നെന്നും കൂടെ നിൽക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും അങ്ങനെയാകണമെന്നില്ല. തൊഴിലാളി പ്രസ്ഥാനങ്ങൾക്കൊപ്പം ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുക എന്നുള്ളതാണ് കമ്മ്യൂണിസ്റ്റുകാരന്റെ ഏറ്റവും വലിയ ഗുണം. സൊസൈറ്റിക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ എന്നും ഞങ്ങൾക്കൊപ്പം നിൽക്കുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്. അത് വലിയൊരു മനസാണ്.
ജനങ്ങൾക്ക് ആവശ്യമില്ലാത്ത കാലത്ത് ജനങ്ങൾ ഞങ്ങളെ തിരസ്കരിക്കും. ആവശ്യമുണ്ടെങ്കിൽ സർക്കാരും അംഗീകരിക്കും എല്ലാവരും അംഗീകരിക്കുമല്ലോ, അതാണല്ലോ നമ്മൾ കാണുന്നതും. അഴിമതിയോ കള്ളപ്പണമോ എന്തെങ്കിലും നടക്കുകയോ കണ്ടെത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ജനങ്ങളുടെ വിശ്വാസം കുറയും. പാലാരിവട്ടം പാലത്തിനായി ഇ ശ്രീധരൻ സാർ എന്നെ നേരിട്ട് ബന്ധപ്പെട്ടതാണ്. തുടക്കത്തിൽ ഞാൻ ആ ഓഫർ നിരസിച്ചു. അതൊരു വിശ്വാസമല്ലേ, ഞാൻ തന്നെ അത്ഭുതപ്പെട്ടു.
അത്രയും പ്രശസ്തനായ ഒരാളോട് ഒറ്റയടിക്ക് പറ്റില്ലാ എന്ന് പറയാൻ പറ്റാത്തതു കൊണ്ട് പോയി കണ്ട് സംസാരിച്ചു. കണ്ടപ്പോൾ തന്നെ വിവാദങ്ങളെക്കുറിച്ചുള്ള എന്റെ ആശങ്ക ഞാൻ അദ്ദേഹത്തോട് തുറന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, നിങ്ങൾ മാത്രം ചെയ്താലേ എനിക്ക് വിശ്വാസമുള്ളൂ എന്ന്. ഞങ്ങളുടെ കഴിവുകളിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം വെല്ലുവിളി ഏറ്റെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. ക്വാളിറ്റിയും സമയവും തന്നെയാണ് ഞങ്ങളുടെ അടിസ്ഥാനം, അതിൽ അഴിമതി ഇല്ല". - രമേശൻ പാലേരി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates