കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍; എന്‍ഡിഎ വിട്ടെന്ന് സജി മഞ്ഞക്കടമ്പില്‍

വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് നടത്തുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു
saji manjakadambil, pv anvar
സജി മഞ്ഞക്കടമ്പിലും പി വി അന്‍വറും ടിവി ദൃശ്യം
Updated on

കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കുന്നതായി പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി വി അന്‍വറിനൊപ്പം കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സജി മഞ്ഞക്കടമ്പില്‍ ഇക്കാര്യം അറിയിച്ചത്. എന്‍ഡിഎ മുന്നണി വിട്ടതായും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ തൃണമൂൽ കോൺ​ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദേശീയനേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് നടത്തുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. എൻ ഡി എയിൽ നിന്നും അവ​ഗണനയാണ് ഉണ്ടായത്. ഘടകക്ഷിയെന്ന നിലയിൽ എൻഡിഎയിൽ നിന്ന് സംരക്ഷണം ലഭിച്ചില്ല. മുന്നണിയിലെടുത്തെങ്കിലും കഴിഞ്ഞ ഒരുവർഷമായി മുന്നണി യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. ഈ അവഗണനയാണ് മുന്നണി വിടാൻ കാരണമെന്ന് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി.

റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതും വന്യജീവി ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്രസർക്കാരിന് മുന്നിലെത്തിക്കാനും കേരളത്തിലെ എൻഡിഎ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേരളം നേരിടുന്ന കർഷകരുടെ വിഷയങ്ങളും വന്യജീവി പ്രശ്നങ്ങളും സജീവമാക്കി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സജി മഞ്ഞക്കടമ്പിലും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ജില്ലാ പ്രസി‍ഡന്റുമാരും സംസ്ഥാന ഭാരവാഹികളും തൃണമൂലിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് പി വി അൻവർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com