ഭിന്നതകള്‍ക്ക് താത്കാലിക വിരാമം; കേരളത്തില്‍ ലക്ഷ്യം തെരഞ്ഞെടുപ്പ് മാത്രമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

കെപിസിസി തലത്തില്‍ പുനഃസംഘടന ഉടനില്ലെന്ന സൂചനയും നേതാക്കള്‍ നല്‍കി
inc leaders
ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗംഎക്സ്
Updated on

ന്യൂഡല്‍ഹി: സംസ്ഥാന നേതൃത്വത്തിലെ ഭിന്നതകള്‍ക്ക് വിരാമിട്ട് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച നേതാക്കളാണ് തെരഞ്ഞെടുപ്പാണ് പ്രധാന വിഷയമെന്ന് വ്യക്തമാക്കിയത്. കെപിസിസി തലത്തില്‍ പുനഃസംഘടന ഉടനില്ലെന്ന സൂചനയും നേതാക്കള്‍ നല്‍കുന്നു.

കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ശക്തമാണ്. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. കേരളത്തിന്റെ ഭാവിയില്‍ നിര്‍ണാകയമായ തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്. പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകും. നേതാക്കള്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കും. നേതൃമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ആവശ്യമില്ല. നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും യോഗത്തിന് ശേഷം കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കേരളം കോണ്‍ഗ്രസ് തട്ടിയെടുക്കും എന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആത്മവിശ്വാസത്തോടെ പോരാടി കേരളം കോണ്‍ഗ്രസ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് കേരള നേതൃത്വവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന പൊട്ടിത്തെറികള്‍ താത്കാലികമായെങ്കിലും പരിഹരിച്ചു എന്ന സൂചനകളാണ് യോഗത്തിന് ശേഷമുള്ള പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ച പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്ന തിരുവനന്തപുരം എംപി ശശി തരൂരിനെ ഉള്‍പ്പെടെ വാര്‍ത്താസമ്മേളനത്തില്‍ അണിനിരത്തി നിലവില്‍ ഭിന്നതകളില്ലെന്നുകൂടി സ്ഥാപിക്കാന്‍ ആണ് നേതാക്കള്‍ ശ്രമിച്ചത്.

കോണ്‍ഗ്രസിലെ നേതൃമാറ്റം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്ക് അപ്പുറം സംസ്ഥാന തലത്തിലെ രാഷ്ട്രീയം ചര്‍ച്ചയാകണം എന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം കൂടിയാണ് നിലവിലെ പ്രതികരണങ്ങള്‍. പാര്‍ട്ടി തലത്തില്‍ സംസ്ഥാനത്ത് ഐക്യം വേണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. കേളത്തില്‍ രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുന്നെന്നും ഇതിനായി പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ തയ്യാറാകണം എന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com