
വേനലെത്തി, കാടും മേടും കാട്ടാറുകളും വരണ്ടുണങ്ങിത്തുടങ്ങി. പുല്‍മേടുകളെ കാട്ടുതീ വിഴുങ്ങുമ്പോള്‍ ജീവജലം തേടി നെട്ടോട്ടത്തിലാണ് കാട്ടുമൃഗങ്ങള്‍. വേനല്‍ എത്തിയതോടെ മനുഷ്യ വന്യജീവി സംഘര്‍ഷം മലയോര മേഖലയില്‍ ആസ്വാരസ്യം പടര്‍ത്തുകയാണ്. പുതുവര്‍ഷം പിറന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. ഇതിനിടെ ആനക്കലിയില്‍ നഷ്ടമായത് 13 ജീവനുകള്‍. അവരില്‍ 11 പേരും ആദിവാസികള്‍. വയനാട്ടിലെ പഞ്ചാരകൊല്ലിയില്‍ കടുവ കടിച്ചുകീറിയ രാധയും ആദിവാസിയായിരുന്നു. ഇവരില്‍ പലരും സ്ഥിരമായി വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോകാറുള്ളവര്‍ ആയിരുന്നു. ഇതാദ്യമാണ് ഇത്രയധികം ആദിവാസികള്‍ വന്യജീവി ആക്രമണത്തില്‍ മരിക്കുന്നത്.
കാടിന്റെ മക്കളാണ് ആദിവാസികള്‍. കാടിനെ അറിഞ്ഞു കാടിന്റെ നിയമങ്ങള്‍ അനുസരിച്ചു വന്യജീവികളുമായി സമരസപ്പെട്ടു ജീവിക്കുന്നവര്‍. അവര്‍ക്ക് മൃഗങ്ങളെ അറിയാം, അവയുടെ സ്വഭാവഗുണങ്ങള്‍ അറിയാം, മെരുക്കാനും അറിയാം. എന്നിട്ടും ഇത്രയേറെ ജീവനുകള്‍ ആനക്കലിയില്‍ ഞെരിഞ്ഞമര്‍ന്നത് എങ്ങനെ? ആരാണ് കാടിന്റെ നിയമങ്ങള്‍ ലംഘിച്ചത്, മനുഷ്യനോ മൃഗങ്ങളോ?
'കഴിഞ്ഞ രണ്ടു മാസത്തിനിടെ ഉണ്ടായ മരണങ്ങളില്‍ ഭൂരിപക്ഷവും കാട്ടിനുള്ളിലാണ് നടന്നത്. വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഞങ്ങള്‍ സ്ഥിരമായി പട്രോളിങ് നടത്തുന്നുണ്ട്. പക്ഷെ ഉള്‍വനത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ആദിവാസി ഊരുകളില്‍ നിരീക്ഷണം നടത്തുക ഞങ്ങളുടെ പരിമിതികള്‍ക്കപ്പുറമാണ്. വനത്തിനുള്ളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നും സദാ ജാഗരൂകാരായിരിക്കണമെന്നും ഞങ്ങള്‍ ആദിവാസികളെ ബോധവത്കരിച്ചിട്ടുണ്ട്. പല മരണങ്ങള്‍ക്കും കാരണം ശ്രദ്ധക്കുറവാണ്,'- ഒരു മുതിര്‍ന്ന വനം ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആദിവാസികള്‍ക്കിടയിലെ വര്‍ധിച്ചു വരുന്ന മദ്യാസക്തി അവര്‍ക്ക് തലമുറകളായി പകര്‍ന്നു കിട്ടിയ നിരീക്ഷണ പാടവം നഷ്ടമാകാന്‍ കാരണമായിട്ടുണ്ടോ? ആക്രമണത്തില്‍ മരിച്ച ആദിവാസികളില്‍ ചിലര്‍ മദ്യപിച്ചിരുന്നു എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വനത്തിലും വനാതിര്‍ത്തി പ്രദേശങ്ങളിലും യാത്ര ചെയ്യുമ്പോള്‍, മദ്യം കഴിക്കുകയോ മൊബൈല്‍ ഫോണില്‍ പാട്ടു കേട്ടുകൊണ്ട് നടക്കുകയോ ചെയ്യരുതെന്ന് വനം അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മദ്യലഹരിയില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ ആലസ്യത്തിലായിരിക്കും. ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി പാട്ടു കേള്‍ക്കുമ്പോഴും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടില്ല. പലരും ഇങ്ങനെയാണ് കലിപൂണ്ട് നില്‍ക്കുന്ന കാട്ടാനകള്‍ക്ക് മുന്നില്‍ പെടുന്നത്.
'മരണ കാരണം എന്തുമാകട്ടെ, ആദിവാസികള്‍ പരിസ്ഥിതിയുടെ സംരക്ഷകരാണ്, അവരുടെ സുരക്ഷ കാടിന്റെ സുരക്ഷയാണ്, ' ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ പറയുന്നു.
'ആദിവാസികള്‍ക്ക് അവരുടെ തനതായ സംസ്‌കാരമുണ്ട്, കാടറിവുമുണ്ട്. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘുകരിക്കാനുള്ള നടപടികളുടെ ഭാഗമായി ഗോത്ര ഭേരി എന്ന പദ്ധതിക്ക് മാര്‍ച്ച് 5ന് തുടക്കമിടും. ഇതിന്റെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥരെ കേരളത്തിലെ 36 ആദിവാസി ഗോത്രങ്ങളുമായും ആശയ വിനിമയം നടത്തും. അവരുടെ കാടറിവുകള്‍ മൃഗങ്ങളുടെ സ്വഭാവ മാറ്റങ്ങള്‍ മനസ്സിലാക്കാനും അതിനനുസരിച്ചു പദ്ധതികള്‍ നടപ്പാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ദീര്‍ഘ കാല, ഹ്രസ്വ കാല പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കും,' അദ്ദേഹം പറഞ്ഞു.
ആനക്കലി അടങ്ങാത്ത ആറളം
ദീര്‍ഘവീക്ഷണമില്ലാതെ വോട്ടിനു വേണ്ടി കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങള്‍ എങ്ങനെ വിനാശം വിതയ്ക്കും എന്നതിന് ഉദാഹരണമാണ് കണ്ണൂരിലെ ആറളവും ചിന്നക്കനാലിലെ 301 കോളനിയും. ആനകളുടെ സ്വാഭാവിക ആവാസ കേന്ദ്രങ്ങളായിരുന്നു ഈ രണ്ടു പ്രദേശവും. അവിടെ വനം വകുപ്പിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചു പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദിവാസികളെ കൊണ്ടു താമസിപ്പിച്ചതാണ് സംഘര്‍ഷം സൃഷ്ടിച്ചത്. ചിന്നക്കനാലില്‍ 15 വര്‍ഷത്തിനിടെ പൊലിഞ്ഞത് 45 ജീവനുകള്‍, ആറളത്തു ഈ കാലയളവില്‍ ആന ചവിട്ടി കൊന്നത് 16 പേരെ. മനുഷ്യ ജീവനേക്കാള്‍ വോട്ടിനു വേണ്ടിയുള്ള പ്രീണന രാഷ്ട്രീയം അവലംബിച്ചതിന്റെ പരിണാമം. ആനയിറങ്കല്‍ ആനകളുടെ വിഹാരകേന്ദ്രമാണെന്നും അവിടെ ആദിവാസികളെ പുനരധിവസിപ്പിക്കരുതെന്നും റിപ്പോര്‍ട്ട് നല്‍കിയ മൂന്നാര്‍ ഡി എഫ് ഒ പ്രകൃതി ശ്രീവാസ്തവയെ സര്‍ക്കാര്‍ വളഞ്ഞിട്ടാക്രമിക്കുക ആയിരുന്നു. ഒടുവില്‍ അവരുടെ വാക്കുകള്‍ സത്യമായി. ഭൂരിപക്ഷം ആദിവാസികളും ഭൂമി ഉപേക്ഷിച്ച് പലായനം ചെയ്തു. ഇനി ശേഷിക്കുന്നത് ഇരുപതോളം കുടുംബങ്ങള്‍ മാത്രം. ആറളത്തു പുനരധിവസിപ്പിച്ച 3502 കുടുംബങ്ങളില്‍ ഇപ്പോള്‍ ശേഷിക്കുന്നത് 1200 കുടുംബങ്ങള്‍ മാത്രം. പലായനം ചെയ്തവര്‍ക്ക് ഭൂമി നഷ്ടമായത് മിച്ചം. റവന്യു വകുപ്പ് ഭൂമി തിരിച്ചെടുത്തു മറ്റു അപേക്ഷകര്‍ക്കു പതിച്ചു നല്‍കി.
'ആദിവാസികള്‍ക്ക് കാട് അറിയാം, മൃഗങ്ങളുടെ സ്വഭാവ രീതികളും അറിയാം. അവര്‍ വളരെ ശ്രദ്ധിച്ചാണ് കാട്ടില്‍ സഞ്ചരിക്കുന്നത്. ആദിവാസികളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട വനം വകുപ്പ് ആനകളെ കാടുകയറ്റാന്‍ നടപടി എടുക്കാതെ മുടന്തന്‍ ന്യായം പറയുകയാണ്. കേരളത്തില്‍ ഇത്രയേറെ ആദിവാസികള്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചിട്ട് സര്‍ക്കാര്‍ എന്ത് നടപടി എടുത്തു? ഇരകളില്‍ ഒരാളുടെ കുടുംബത്തിന് പോലും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപയുടെ പകുതി പോലും കിട്ടിയിട്ടില്ല,' ആദിവാസി ഗോത്ര മഹാസഭ നേതാവ് സി കെ ജാനു പറഞ്ഞു.
ഏതാണ്ട് 40 ആനകള്‍ ആറളം ഫാമിനുള്ളില്‍ തമ്പടിച്ചിരിക്കുകയാണെന്നു കോളനി നിവാസിയായ മല്ലിക പറയുന്നു. കശുമാങ്ങ പഴുത്തു തുടങ്ങിയാല്‍ ആനകള്‍ കശുമാവ് തോട്ടത്തില്‍ നിലയുറപ്പിക്കും. അതു കഴിച്ചാല്‍ മദ്യപിച്ച പോലെ അക്രമാസക്തരാവും ആനകള്‍. ഞങ്ങള്‍ക്ക് പകല്‍ പോലും പുറത്തിറങ്ങാന്‍ കഴിയുന്നില്ല. കോളനിയില്‍ കുടിവെള്ള സ്രോതസ് ഇല്ലാ. വെള്ളം വേണമെങ്കില്‍ അടുത്തുള്ള കാട്ടരുവിയില്‍ പോകണം അവിടെ എപ്പോഴും ആനയുണ്ടാവും. ഞങ്ങളൊക്കെ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം, ' അവര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക