തൃശൂർ: പാറമേക്കാവ് വേല വെടിക്കെട്ടിനു തൃശൂർ എഡിഎമ്മിന്റെ അനുമതി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നു പെസോ മാനദണ്ഡപ്രകാരമുള്ള രേഖകൾ സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. കർശന നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് അനുമതി നൽകിയത്. ഈ മാസം 3, 5 തീയതികളിലാണ് വേല ഉത്സവം.
നേരത്തെ വെടിക്കെട്ടിനു എഡിഎം അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സ്ഫോടക വസ്തു ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്തു തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പെസോയുടെ മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പെസോയുടെ പരീക്ഷ പാസായ സർഫൈഡ് ആയിട്ടുള്ള ആളുകളുണ്ടെങ്കിൽ വെടിക്കെട്ടിനു അനുമതി നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പാറമേക്കാവിന്റെ പ്രതിനിധി ഫയർ ഡിസ്പ്ലെ ഓഫീസറായി പരീക്ഷ പാസായി. തുടർന്നാണ് എഡിഎം അനുമതി നൽകിയത്.
വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുരയിൽ നിന്ന് 200 മീറ്റർ അകലം വേണം എന്നും ഫയർ വർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നി തസ്തികകളിൽ പെസോയുടെ പരീക്ഷ ദേവസ്വം പ്രതിനിധികൾ പാസായി അപേക്ഷ നൽകണമെന്നും പുതിയ ചട്ടത്തിൽ പറയുന്നു. ഇത് രണ്ടും ചൂണ്ടിക്കാണിച്ചാണ് എഡിഎം വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.
എന്നാൽ വേലയുടെ വെടിക്കെട്ടിന് വെടിക്കെട്ട് പുരയിൽ യാതൊരുവിധ സ്‌ഫോടകവസ്തുക്കളും സൂക്ഷിക്കുന്നില്ല എന്ന് ദേവസ്വങ്ങൾ വാദിച്ചു. അതുകൊണ്ട് തന്നെ 200 മീറ്റർ ദൂരപരിധി ഇവിടെ ബാധകമാകുന്നില്ലെന്നും ദേവസ്വങ്ങൾ ചൂണ്ടിക്കാണിച്ചു. ആ വാദം ഹൈക്കോടതി അംഗീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക