'വധശിക്ഷ ലഭിക്കണമായിരുന്നു, ഇതു കുറഞ്ഞുപോയി'; പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

മുന്‍ എംഎല്‍എ ഉള്‍പ്പടെയുള്ള നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മാത്രമാണ് ശിക്ഷ ലഭിച്ചത്. ഇവര്‍ക്ക് കൂടി ജീവപര്യന്തം ലഭിക്കണം.
periya case verdict
വിധി കേട്ട് പൊട്ടിക്കരയുന്ന ശരത്‌ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍ടെലിവിഷന്‍ ചിത്രം
Updated on

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും ശരത്‌ലാലിന്റെ സഹോദരി അമൃതയും മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍ പൂര്‍ണ തൃപ്തരല്ല. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു കരുതിയത്. അതുണ്ടായില്ല. നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മാത്രമാണ് ശിക്ഷ ലഭിച്ചത്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ പ്രതികള്‍ക്കും വധശിക്ഷ ലഭിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമായതില്‍ സന്തോഷം ഉണ്ട്. മുന്‍ എംഎല്‍എ ഉള്‍പ്പടെയുള്ള നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മാത്രമാണ് ശിക്ഷ ലഭിച്ചത്. ഇവര്‍ക്ക് കൂടി ജീവപര്യന്തം ലഭിക്കണം. പാര്‍ട്ടിയുമായി ആലോചിച്ച് ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.

വിധിയില്‍ പൂര്‍ണ പൂര്‍ണ തൃപ്തരല്ലെന്ന് ശരത്‌ലാലിന്റെ സഹോദരി പറഞ്ഞു. പ്രതീക്ഷിച്ച പരാമവധി ശിക്ഷ ലഭിച്ചില്ല. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു കരുതിയത്. ശിക്ഷ കുറഞ്ഞുപോയി. അവര്‍ തിരിച്ച് നാട്ടിലെത്തിയാല്‍ ഇത് ആവര്‍ത്തിക്കും. ഇനി ആര്‍ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും അമൃത പറഞ്ഞു.

പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഇവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു. ജസ്റ്റിസ് എന്‍ ശേഷാദ്രിനാഥന്‍ ആണ് വിധി പ്രസ്താവിച്ചത്.

ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ പീതാംബരന്‍, സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍ ശ്രീരാഗ് (കുട്ടു), എ അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ സുരേന്ദ്രന്‍ (വിഷ്ണു സുര) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

തെളിവ് നശിപ്പിക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്തതിന്, 14ാം പ്രതി സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠന്‍, 20ാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, 21ാം പ്രതി, സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാഘവന്‍ വെളുത്തോളി (രാഘവന്‍നായര്‍), 22ാം പ്രതി, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ വി ഭാസ്‌കരന്‍ എന്നിവര്‍ക്കാണ് അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിച്ചത്.കേസില്‍ സിപിഎം നേതാക്കള്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു. പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com