

കൊച്ചി: മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോയിലുണ്ടായ അപകടത്തിൽ സ്ത്രീയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകരായ ജിസിഡിഎ, എറണാകുളം ജില്ല അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി എന്നിവർക്കെതിരെ കേസെടുത്തു. പരിക്കേറ്റ ബിന്ദുവിന്‍റെ ഭർത്താവിന്റെ പരാതിയെ തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാത ക്രമീകരിച്ചെന്നും ഇത് അപകടത്തിനിടയാക്കി എന്നുമായിരുന്നു പരാതി.
ഫ്ലവർ ഷോ കാണാനെത്തിയ പള്ളുരുത്തി സ്വദേശിനിയായ ബിന്ദുവിനാണ് പ്ലാറ്റ്ഫോമിൽ നിന്ന് വീണ് പരിക്കേറ്റത്. ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നി വീണ് ബിന്ദുവിന്റെ കൈയ്ക്ക് രണ്ട് ഒടിവുണ്ടായി. പവിലിയനിൽ വെള്ളം കെട്ടി ചെളിഞ്ഞ് കിടക്കുന്നതിനാൽ വരുന്നവർക്ക് നടക്കുന്നതിനായാണ് പ്ലൈവുഡുകൾ പവിലിയനിൽ മൊത്തം നിരത്തിയത്.
ബിന്ദു എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സർജറി വേണമെന്ന് ഡോക്ടർമാർ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കലക്ടർക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നൽകിയിരുന്നു. എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജിസിഡിഎയും ചേർന്നാണ് മറൈൻ ഡ്രൈവിൽ കൊച്ചി ഫ്ലവർ ഷോ 2025 സംഘടിപ്പിക്കുന്നത്.
മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ പരിപാടികൾക്കെതിരെ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലവർ ഷോ ഉടൻ നിർത്തിവെയ്ക്കാനായിരുന്നു നിർദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
