പുതുവത്സരത്തിലെ ബൈക്ക് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞു, എട്ട് പേര്‍ക്ക് പുതുജീവിതം നല്‍കി അലന്‍

കര്‍ണാടക സര്‍ക്കാരിന്റെ 'ജീവസാര്‍ത്ഥകത്തേ'യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്.
Allen anuraj
അലന്‍ അനുരാജ്വിഡിയോ സ്ക്രീന്‍ഷോട്ട്
Updated on

തിരുവനന്തപുരം: പുതുവര്‍ഷ ദിനം ബംഗളൂരുവില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും രണ്ടു കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ടു വൃക്കകള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങള്‍ കര്‍ണാടകയിലെ വിവിധ ആശുപത്രികള്‍ക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിന്റെ 'ജീവസാര്‍ത്ഥകത്തേ'യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്.

തീവ്രദുഃഖത്തിലും മറ്റൊരു സംസ്ഥാനത്തിന് മരണാനന്തര അവയവ ദാനത്തിന് തയ്യാറായി എട്ടുപേര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ സന്നദ്ധരായ അലന്റെ കുടുംബത്തിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

എറണാകുളം പുത്തന്‍മാവേലിക്കര സ്വദേശിസായ അനുരാജ് തോമസിന്റേയും ബിനി അനുരാജിന്റേയും മകനായ അലന്‍ അനുരാജ്(19) ബംഗളൂരു സപ്തഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിദ്യാര്‍ഥിയായിരുന്നു.

2025 ജനുവരി ഒന്നിന് ബംഗളൂരുവില്‍ നടന്ന ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് യശ്വന്ത്പൂര്‍ സ്പര്‍ശ് ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന്, അലന്റെ കുടുംബം അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.

അമല്‍, ആല്‍വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. പുത്തന്‍വേലിക്കര മാളവന സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ജനുവരി അഞ്ച് വൈകീട്ട് നാലിന് അലന്റെ സംസ്‌കാരം നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com