![ഫാത്തിമത് ഷഹാന](http://media.assettype.com/samakalikamalayalam%2F2025-01-05%2Fixehufv1%2FFAMTHMATH.jpg?w=480&auto=format%2Ccompress&fit=max)
കൊച്ചി: എറണാകുളം പറവൂര്‍ ചാലാക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ വിദ്യാര്‍ഥിനി അബദ്ധത്തില്‍ താഴേക്ക് വീണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ വീണതാണെന്ന് കോജള് അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി ഫാത്തിമത്ത് ഷഹാനയാണ് വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. രാത്രി 11 മണിക്കാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത്. പുര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ വരാന്തയിലെ കൈവരിയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജിപ്‌സം ബോര്‍ഡ് തകര്‍ത്താണ് പെണ്‍കുട്ടി താഴേക്ക് വീണത്.
അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത് താമസിക്കുന്നത്. ഏഴു നിലകളിലുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോറില്‍ വെച്ചാണ് അപകടമുണ്ടായത്. മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. ഫാത്തിമത്തും കൂട്ടുകാരികളും സംസാരിക്കുന്നതിനിടെ അബദ്ധത്തില്‍ തെന്നി താഴെ വീണതാകാമെന്നാണ് നിഗമനം. സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോളജ് ഹോസ്റ്റലില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക