'കമ്മ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കേണ്ട, സിപിഎമ്മുകാര്‍ കൊല്ലപ്പെടുമ്പോള്‍ ധാര്‍മികബോധം കാശിക്കുപോയോ?'; പെരിയ കേസ് പ്രതികളെ സന്ദര്‍ശിച്ച് പി ജയരാജന്‍

കമ്മ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കാനുള്ള ശ്രമം വിജയിക്കാന്‍ പോകുന്നില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍.
p jayarajan
പി ജയരാജന്‍ മാധ്യമങ്ങളോട്സ്ക്രീൻഷോട്ട്
Updated on

കണ്ണൂര്‍: കമ്മ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കാനുള്ള ശ്രമം വിജയിക്കാന്‍ പോകുന്നില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. എല്ലാ അക്രമ സംഭവങ്ങളും അവസാനിപ്പിക്കണമെന്നതാണ് സിപിഎമ്മിന്റെ കാഴ്ചപ്പാട്. എന്നാല്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരം പിടിപെട്ടിരിക്കുകയാണ്. മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച് പക്ഷപാതപരമായി കാര്യങ്ങള്‍ കാണുന്നത് ശരിയല്ല. മാധ്യമങ്ങളുടെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരം ജനം പുച്ഛത്തോടെയാണ് കാണുന്നതെന്നും പി ജയരാജന്‍ വിമര്‍ശിച്ചു. പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കണ്ട് പുസ്തകം സമ്മാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പി ജയരാജന്‍.

'കെ വി കുഞ്ഞിരാമന്‍, മണികണ്ഠന്‍ ഉള്‍പ്പെടെ അഞ്ചു സഖാക്കളെ കണ്ടു. അവര്‍ക്ക് എന്റെ ഒരു പുസ്തകവും കൊടുത്തു. ജയില്‍ ജീവിതമെന്നാല്‍ കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് വായിക്കാനുള്ള അവസരം കൂടിയാണ്. നല്ല വായനക്കാരാണ് അവര്‍. വായിച്ച് അവര്‍ പ്രബുദ്ധരാകും. കമ്മ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കാനുള്ള ശ്രമം വിജയിക്കാന്‍ പോകുന്നില്ല. തടവറകള്‍ ഒക്കെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പറഞ്ഞ് വച്ചിട്ടുള്ളതാണ്. സ്വാതന്ത്ര്യസമര കാലത്ത് ആദ്യ കാല നേതാക്കള്‍ക്ക് എതിരെ പെഷവാര്‍, മീററ്റ് തുടങ്ങി പല ഗൂഢാലോചന കേസുകളും ഉണ്ടായി. പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസുകള്‍ വന്നിട്ടുണ്ട്. ഇവിടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. എന്നാല്‍ ഞങ്ങളുടെ ആഗ്രഹത്തിന് ഉപരിയായി ഒട്ടേറെ സംഭവങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. എല്ലാ അക്രമ സംഭവങ്ങളും അവസാനിപ്പിക്കണമെന്നതാണ് സിപിഎമ്മിന്റെ കാഴ്ചപ്പാട്. എന്നാല്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് മാര്‍ക്‌സിസ്റ്റ് ജ്വരം പിടിപെട്ടിരിക്കുകയാണ്. പെരിയ കേസിലെ വിധിയെ തുടര്‍ന്ന് പ്രചാരത്തില്‍ രണ്ടാമത് നില്‍ക്കുന്ന ഒരു പത്രത്തിന്റെ മുഖപ്രസംഗം പൂര്‍ണമായി വായിച്ചുനോക്കി. കേരളത്തില്‍ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതക കേസുകളെ കുറിച്ചാണ് അതില്‍ പറയുന്നത്. അതിലെല്ലാം കോണ്‍ഗ്രസുകാരാണ്, ആര്‍എസ്എസുകാരാണ്, എസ്ഡിപിഐക്കാരാണ്. സിപിഎമ്മുകാര്‍ കേരളത്തില്‍ കൊല ചെയ്യപ്പെട്ട ഒരു സംഭവവും മറവി രോഗം ബാധിച്ച കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗം എഴുത്തുകാരന് ഓര്‍മ്മ വരുന്നില്ല.മറവിരോഗം ബാധിച്ചിരിക്കുകയാണ്. ഇരട്ടക്കൊലയെ കുറിച്ച് പറയുമ്പോള്‍ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ 2020ല്‍ തിരുവോണത്തിന്റെ തലേദിവസം സിപിഎമ്മിന്റെ രണ്ട് പ്രവര്‍ത്തകന്മാരെ കൊലപ്പെടുത്തിയിട്ടുണ്ട്. മറവി രോഗം ബാധിച്ചിട്ടുള്ള പത്രങ്ങള്‍ക്ക് ഇത് ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല. ഇവിടെ ഏത് തരത്തിലുള്ള രാഷ്ട്രീയ കൊലപാതകവും അവസാനിപ്പിക്കണം.അക്രമം അവസാനിപ്പിക്കണം. സമൂഹത്തില്‍ സമാധാനമാണ് ഉണ്ടാവേണ്ടത്'- പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.

'എല്‍ഡിഎഫ് ഭരിക്കുന്ന കഴിഞ്ഞ എട്ടരവര്‍ഷ കാലത്ത് കേരളത്തില്‍ പൊതുവില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതിരുന്ന കാലമായിരുന്നു. സാമൂഹികമായി സമാധാനം നിലനിന്ന അന്തരീക്ഷമാണ്. ആ അന്തരീക്ഷം സംരക്ഷിക്കണം. എവിടെയും സംഘര്‍ഷം ഇനി ഉണ്ടാവാന്‍ പാടില്ല. പക്ഷേ വലതുപക്ഷ മാധ്യമങ്ങളോട് പറയാനുള്ളത്. മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച് കൊണ്ട് പക്ഷപാതപരമായി കാര്യങ്ങള്‍ കാണുന്നത് ശരിയല്ല.വിധി വന്നിട്ടുണ്ട്. ജയിലിലാണ് ഉള്ളത്. നിയമപരമായ പോരാട്ടത്തിന്റെ വഴി അവര്‍ക്ക് ഉണ്ട്. തീര്‍ച്ചയായും അങ്ങനെയുള്ള പല വിധികളും മേല്‍ കോടതിയെ സമീപിച്ച് കൊണ്ട് ഒഴിവാക്കിയിട്ടുണ്ട്.നിരപരാധികളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള അവസരം ഞങ്ങള്‍ വിനിയോഗിക്കും എന്നാണ് പ്രതികളായ സഖാക്കള്‍ പറഞ്ഞിട്ടുള്ളത്. അത് അനുസരിച്ച് മുന്നോട്ടുപോകും.കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ മാധ്യമങ്ങളുടെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരം ജനം പുച്ഛത്തോടെയാണ് കാണുന്നത്. സിപിഎമ്മുകാര്‍ കൊല്ലപ്പെടേണ്ടവരാണ് എന്നതാണോ നിങ്ങളുടെ ധാരണ?ഇരട്ടക്കൊലയെ കുറിച്ച് പറയുമ്പോള്‍ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ 2020ല്‍ തിരുവോണത്തിന്റെ തലേദിവസം സിപിഎമ്മിന്റെ രണ്ട് പ്രവര്‍ത്തകന്മാരെ കൊലപ്പെടുത്തിയത് എന്തുകൊണ്ടാണ് വാര്‍ത്തയാക്കാന്‍ തോന്നാത്തത്. ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ റിജിത്ത് രക്തസാക്ഷിയുടെ വീട്ടില്‍ പോയിട്ടാണ് ഇവിടെ വരുന്നത്. സിപിഎമ്മിന്റെ കാര്യത്തില്‍ മാധ്യമധര്‍മ്മ ബോധം എന്തുകൊണ്ടാണ് ഉയര്‍ത്തി പിടിക്കാത്തത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കമ്മ്യൂണിസ്റ്റുകാര്‍, ഡിവൈഎഫ്‌ഐക്കാര്‍, എസ്എഫ്‌ഐക്കാര്‍ ഒക്കെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അന്നേരം നിങ്ങളുടെ ധര്‍മ്മബോധം കാശിക്ക് പോയിരുന്നോ?. ജയില്‍ ഉപദേശക സമിതി അംഗം എന്ന നിലയില്‍ മാത്രമല്ല. സഹ എംഎല്‍എയായിരുന്നു കെ വി കുഞ്ഞിരാമന്‍. സിപിഎമ്മിന്റെ പ്രവര്‍ത്തകരാണ് അവരൊക്കേ.നേതാക്കന്മാരാണ് അവര്‍. നേതാക്കന്മാരെ കാണാന്‍ തന്നെയാണ് ഞാന്‍ ജയിലില്‍ വന്നത്. ഞാന്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്'- പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂർ ജയിലിൽ എത്തിച്ച കെ വി കുഞ്ഞിരാമൻ അടക്കമുള്ള പ്രതികളെ മുദ്രാവാക്യം വിളികളോടെയാണ് സിപിഎം പ്രവർത്തകർ സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com