

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവശനത്തില്‍ എതിര്‍പ്പ് പ്രകടമാക്കി കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്. യുഡിഫിലേക്ക് വരാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം ഇതുവരെ തീരുമാനം എടുത്തിട്ടില്ലന്നും ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ കഴിഞ്ഞ കുറെ നാളുകളായി വന്യജീവി പ്രശ്‌നവും കര്‍ഷകരുട പ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പടെ സമരമുഖത്താണ്. ഇതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളിലൊന്നും അന്‍വറിനെ കണ്ടിട്ടില്ല. മണ്ഡലത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പറയുന്നത് ഇപ്പോഴാണെന്നും ഷൗക്കത്ത് പറഞ്ഞു.
'അന്‍വര്‍ ഡിഎംകെയിലേക്ക് പോകുന്നുവെന്നാണ് ആദ്യം പറഞ്ഞത്. പിന്നാലെ ടിഎംസിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞു. അതിനൊന്നും അവരാരും മറുപടി പറഞ്ഞിട്ടില്ല. അതുപോലെ തന്നെയാണ് യുഡിഎഫിലേക്ക് വരുന്ന കാര്യവുമെന്നാണ് തോന്നുന്നത്. യുഡിഫിലേക്ക് വരാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. യുഡിഎഫ് ഇക്കാര്യത്തില്‍ ഒരഭിപ്രായവും പറഞ്ഞിട്ടില്ല' - ഷൗക്കത്ത് പറഞ്ഞു.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി നിലമ്പൂരിലെ കര്‍ഷക പ്രശ്‌നവുമായി കോണ്‍ഗ്രസ് സമരമുഖത്താണ്. വന്യജീവി സങ്കേതം പ്രഖ്യാപിക്കുന്നത് എതിര്‍ത്തത് ആര്യാടന്‍ മുഹമ്മദ് ആയിരുന്നു. തന്റെ ശവത്തില്‍ ചവിട്ടിയേ ഇവിടെ വന്യജീവിതം സങ്കേതം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് പിന്നാലെയാണ് വന്യജീവി സങ്കേതം പ്രഖ്യാപിച്ചത്. വനനിയമത്തിനെക്കാള്‍ വലിയ പ്രശ്‌നമാണ് അതുണ്ടാക്കിയത്. അന്നൊന്നും അന്‍വര്‍ മിണ്ടിയിട്ടില്ല. പ്രളയകാലത്ത് 61 ജീവനുകളാണ് നഷ്ടമായത്. നിലമ്പൂര്‍ മണ്ഡലത്തിലെ മൂന്നുപഞ്ചായത്തുകളില്‍നിന്നായി 300-ലേറെ ആദിവാസി കുടുംബങ്ങള്‍ വന്യജീവി ആക്രമണത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഇന്നും പ്ലാസ്റ്റിക് ഷീറ്റിനുള്ളില്‍ കഴിയുകയാണ്. 2019 മുതല്‍ ആറുവര്‍ഷത്തോളമായി, ഇതുവരെ അവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അന്നൊന്നും പിവി അന്‍വര്‍ പ്രതികരിച്ചതായി കണ്ടിട്ടില്ല. അവസാനം ഹൈക്കോടതിയില്‍ പോയിട്ടാണ് അവര്‍ക്ക് ശൗചാലയം നിര്‍മിച്ച് കിട്ടിയത്. ഇതാണ് നിലമ്പൂരിന്റെ അവസ്ഥയെന്നും ഷൗക്കത്ത് പറഞ്ഞു.
നിലമ്പൂരിന്റെ വികസനകാര്യത്തില്‍ പാര്‍ട്ടി ഒന്നും ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്നാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അന്‍വര്‍ എംഎല്‍എക്ക് കഴിവില്ലാത്തതാണ് വികസനമുരടിപ്പിന് കാരണമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. രണ്ടുകൂട്ടരും സമ്മതിക്കുന്ന ഒരു കാര്യം ഇവിടെ വികസനം നടന്നിട്ടില്ലെന്നതാണ്. അന്‍വര്‍ യുഡിഎഫിലേക്ക് വരുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നം ഷൗക്കത്ത് പറഞ്ഞു. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പിവി അന്‍വറിനെതിരെ ആര്യാടന്‍ ഷൗക്കത്തായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates