സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചു; 21 ട്രെയിനുകള്‍ വൈകി

റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചതിനെ തുടര്‍ന്നു സിഗ്‌നല്‍ സംവിധാനം ഏഴു മണിക്കൂറോളം നിലച്ചു
Unknown persons cut signal cables; 21 trains delayed
സിഗ്‌നല്‍ സംവിധാനം ഏഴു മണിക്കൂറോളം നിലച്ചുപ്രതീകാത്മക ചിത്രം
Updated on

ആലപ്പുഴ: റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചതിനെ തുടര്‍ന്നു സിഗ്‌നല്‍ സംവിധാനം ഏഴു മണിക്കൂറോളം നിലച്ചു. കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകളാണ് അജ്ഞാതര്‍ മുറിച്ചത്. ഇതിനെ തുടര്‍ന്ന് 21 ട്രെയിനുകളാണ് വൈകിയത്. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം നടത്തും.

ഇന്നലെ പുലര്‍ച്ചെ 2.30ന് തിരുവല്ലയില്‍ നിന്ന് അമൃത എക്‌സ്പ്രസ് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണു തകരാര്‍ നേരിട്ടത്. സിഗ്‌നല്‍ ലഭിക്കാതെ ട്രെയിന്‍ തിരുവല്ല സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. സിഗ്നല്‍ സംവിധാനത്തിന്റെ ഭാഗമായുള്ള റെയില്‍വേ ഫോണും തകരാറിലായി. പിന്നീട് സിഗ്നലിനു പകരം കടലാസില്‍ നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയാണു (പേപ്പര്‍ മെമ്മോ) അമൃത ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കടത്തിവിട്ടത്.

തിരുവല്ല, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ സിഗ്‌നല്‍, കമ്യൂണിക്കേഷന്‍ ജീവനക്കാര്‍ പാളത്തിലൂടെ നടത്തിയ പരിശോധനയിലാണ് കല്ലിശേരിയിലെ പാലത്തിലെ (പമ്പ ബ്രിജ്) സ്ലാബ് നീക്കി കേബിളുകള്‍ മുറിച്ചതായി കണ്ടെത്തിയത്. രാവിലെ 9.25നാണ് തകരാര്‍ പരിഹരിച്ചത്. സിഗ്‌നല്‍ തകരാറിലായതോടെ ഇരു സ്റ്റേഷനുകളിലുമായി വന്ദേഭാരത് ഉള്‍പ്പെടെ 21 ട്രെയിനുകള്‍ 5 മുതല്‍ 10 മിനിറ്റ് വരെ വൈകി. ചെമ്പുകമ്പി അപഹരിക്കാനായി മോഷ്ടാക്കള്‍ നടത്തിയ ശ്രമമാകാം എന്നാണ് റെയില്‍വേ സംശയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com