കൊച്ചി: ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് രഹസ്യ മൊഴി നല്‍കി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടി രഹസ്യ മൊഴി നല്‍കിയത്.
ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിക്കും കേരളാ പൊലീസിനും നടി നന്ദി പറഞ്ഞുകൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ കൂടെ നിന്ന നേതാക്കള്‍, പൂര്‍ണ പിന്തുണ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, തന്നെ സ്‌നേഹിക്കുന്നവര്‍ എല്ലാവര്‍ക്കും നടി നന്ദി പറഞ്ഞു.
അതേസമയം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ അല്‍പ്പ സമയത്തിനകം ബോബി ചെമ്മണൂരിനെ എത്തിക്കും. തുടര്‍ന്ന് ഇന്ന് തന്നെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനാണ് സാധ്യത. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കൊച്ചി പൊലീസാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തത്.
പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടുമാണ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഇന്നലെ വൈകീട്ടാണ് ബോബി ചെമ്മണൂരിനെതിരെ ഹണിറോസ് പൊലീസിന് പരാതി നല്‍കുന്നത്. തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അശ്ലീല ചുവയോടെയുള്ള ദ്വയാര്‍ഥ പദപ്രയോഗങ്ങള്‍ നടത്തുന്നുവെന്നും കാണിച്ചാണ് നടി പരാതി നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക