കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സിപിഎം നേതാവ് പികെ ശ്രീമതി. ഒരു സഹോദരി എന്ന നിലയിലാണ് ജയിലിലെത്തി അവരെ കണ്ടെതെന്ന് ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ എംഎല്‍എയായിരുന്നു കുഞ്ഞിരാമന്‍. മണികണ്ഠന്‍ ഉള്‍പ്പടെയുള്ള മറ്റ് എല്ലാവരെയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിചയമുണ്ട്. ആ നിലയ്ക്കാണ് ജയിലില്‍ എത്തിയതെന്ന് ശ്രീമതി പറഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയും ശ്രീമതിക്കൊപ്പമുണ്ടായിരുന്നു.
നാലുപ്രതികളുടെ ശിക്ഷാവിധി മരവിപ്പിക്കുമെന്നത് എല്ലാവരും പ്രതീക്ഷിച്ചതാണ്. മേല്‍ കോടതിയില്‍ നിന്ന് നീതികിട്ടുമെന്ന് പാര്‍ട്ടി സെക്രട്ടറി നേരത്തെ തന്നെ പറഞ്ഞിരുന്നു. പെരിയ കേസിലെ മുഴുവന്‍ പ്രതികളെയും കണ്ടു. ഇവരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും നേരത്തെ എല്ലാവര്‍ഷവും ക്രിസ്മസ് ദിവസം താന്‍ ജയിലിലെത്തി പരാമവധി പ്രതികളെ സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും പികെ ശ്രീമതി പറഞ്ഞു.
കൊല്ലപ്പെട്ടവര്‍ പ്രതികള്‍
പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിനും ശരത്‌ലാലിനുമെതിരെ പീതാംബരനെയും മറ്റുള്ളവരെയും ആക്രമിച്ചതില്‍ കേസുണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. ഇരട്ടക്കൊലപാതക കേസില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കില്ലെന്ന് കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി ശിക്ഷാവിധിയില്‍ സ്റ്റേ അനുവദിച്ചതില്‍ നിന്നും വ്യക്തമായെന്ന് ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ഡിസി ഓഫീസീല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
പെരിയ ഇരട്ട കൊലപാതക കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് അന്നേ സിപിഎം പറഞ്ഞിരുന്നു. കൊല്ലപ്പെട്ടവരും പീതാംബരനും തമ്മിലുള്ള വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പീതാംബരനെയും മറ്റുള്ളവരെയും ആക്രമിച്ചതിന് കൊല്ലപ്പെട്ടവര്‍ക്കെതിരെ കേസുണ്ട്. പാര്‍ട്ടി നേതൃത്വം അറിഞ്ഞിട്ടല്ല ഇങ്ങനെയൊരു കൊലപാതകം നടന്നത്. പാര്‍ട്ടി അന്നേ ഈക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
ഇതില്‍ പീതാംബരനെതിരെ അന്നേ തന്നെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്. കൂട്ടിലിട്ട തത്തയായ സിബിഐ സിപിഎം നേതാക്കള്‍ക്കെതിരെ കെട്ടിച്ചമച്ചതാണ് പെരിയ കേസെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് എംവി ജയരാജന്‍ പറഞ്ഞു. സജു ജോര്‍ജിനെ ജീപ്പില്‍ നിന്നും ഇറക്കിയതിനാണ് കുഞ്ഞിരാമനെ വധക്കേസില്‍ പ്രതിയാക്കിയത്. ഹൈക്കോടതി വിധി വിഷലിപ്തമായ സിപിഎം വിരുദ്ധ പ്രചാരവേല നടത്തുന്ന മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസിനും തിരിച്ചടിയാണെന്നും ജയരാജന്‍ പറഞ്ഞു. സിപിഎമ്മിനെ അക്രമികളാക്കി വാര്‍ത്ത നിരത്തുകയാണ് അച്ചടി മാധ്യമങ്ങള്‍. ദൃശ്യമാധ്യമങ്ങള്‍ വസ്തുതാപരമല്ലാത്ത അന്തിചര്‍ച്ചകള്‍ നടത്തുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക