കൊച്ചി: സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. എഡിഎം വിളിച്ചുചേര്‍ത്ത സമവായ ചര്‍ച്ച പരാജയമായതിന് പിന്നലെയാണ് സംഘര്‍ഷമുണ്ടായത്. രൂപതാ ആസ്ഥാനത്ത് പൊലീസും വൈദികരും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ച വൈദികരെ പൊലീസ് നീക്കിയതാണ് സംഘര്‍ഷത്തിന് കാരണമായത്. പൊലിസ് ബാരിക്കേഡ് തകര്‍ത്ത വൈദികര്‍ നീക്കി. പ്രതിഷേധക്കാര്‍ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തകര്‍ത്തു.
എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്‌കോ പുത്തൂര്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനഡിനെ രാജിസന്നദ്ധത അറിയിച്ചതായാണ് വിവരം. വത്തിക്കാനില്‍നിന്ന് അനുമതി ലഭിച്ചാല്‍ ശനിയാഴ്ച തന്നെ പുതിയ അഡ്മിനിസ്ട്രേറ്ററെ പ്രഖ്യാപിച്ചേക്കും. പ്രായം കണക്കിലെടുത്താണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആവശ്യം സിനഡ് അംഗീകരിച്ചതായാണ് സൂചന. നേരത്തേയും മാര്‍ ബോസ്‌കോ പുത്തൂര്‍ സിനഡില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു.
പ്രതിഷേധിച്ച വൈദികരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്. അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് പ്രതിഷേധിച്ച വൈദികര്‍ പറഞ്ഞു. ജാമ്യത്തിന് ശ്രമിക്കാതെ ജയിലില്‍ പോകുമെന്ന് വൈദികര്‍ കൂട്ടിച്ചേര്‍ത്തു. മെത്രാനടക്കം ഭരണനിര്‍വഹണം നടത്തുന്ന അധികാരികള്‍ ക്രിമിനലുകളാണ്. സമരം ചെയ്യുന്നത് വ്യക്തിപരമായ നേട്ടത്തിനല്ലെന്നും വൈദികര്‍ പറഞ്ഞു.
ബിഷപ്പ് ഹൗസില്‍ അതിക്രമിച്ചു കയറിയെന്ന പേരില്‍ 21 വൈദികര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിറോ മലബാര്‍ സിനഡ് ഇന്നലെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. അതി രൂപതയില്‍ നിന്നുള്ള മെത്രാനെ നിയമിക്കുക, അതിരൂപത കൂരിയ പിരിച്ചുവിടുക, വൈദികര്‍ക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു 2 ദിവസമായി തുടരുന്ന പ്രാര്‍ഥാനായജ്ഞം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക