
ഒരു അണക്കെട്ടിന്റെ സുരക്ഷ അതിന്റെ കാലപ്പഴക്കത്തെ ആശ്രയിച്ചല്ല വിലയിരുത്തേണ്ടതെന്ന് യുഎന്‍ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി. അത് എത്രത്തോളം നന്നായി പരിപാലിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ ഇത് ശരിയായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"മുല്ലപ്പെരിയാറിന്റെ കാര്യം ഒരു പ്രത്യേക വിഷയം തന്നെയാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം അതൊരു വൈകാരിക പ്രശ്നവും കൂടിയാണ്. 40 വർഷത്തെ മീഡിയ ആക്ടിവിറ്റിയുടെ ഫലം കൂടിയാണത്, നാളുകളായി മുല്ലപ്പെരിയാറിനെ കുറിച്ച് നമ്മളിങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയല്ലേ. 1978 ലാണ് ഞാൻ ആദ്യമായി മുല്ലപ്പെരിയാറിനെ കുറിച്ച് കേൾക്കുന്നത്. അന്ന് തൊട്ട് ഈ ഡാമിന്റെ സംരക്ഷണത്തേക്കുറിച്ച് കേൾക്കുന്നു, പേടിക്കുന്നു. ഓരോ പത്ത് വർഷവും ഇതിങ്ങനെ വന്നു കൊണ്ടിരിക്കും.
1887 ലോ മറ്റോ ഉണ്ടാക്കിയ അണക്കെട്ടാണ്, അതിന് പ്രായമായി, ദുർബലമാണ് അതുകൊണ്ട് ഡീകമ്മീഷൻ ചെയ്യണമെന്നുമായിരുന്നു നാളുകൾക്ക് മുൻപെയുള്ള നമ്മുടെ സിദ്ധാന്തം. ഒരു ഡാം, അത് എന്ന് ഉണ്ടാക്കി എന്നതിനെ അടിസ്ഥാനമാക്കിയല്ല അതിന്റെ സുരക്ഷയിരിക്കുന്നത്. അതെങ്ങനെ നന്നായി പരിപാലിക്കുന്നു എന്നത് അനുസരിച്ചാണ്. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ അത് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കുകയാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം". - മുരളി തുമ്മാരുകുടി പറഞ്ഞു.
"പക്ഷേ ഇത് മുല്ലപ്പെരിയാറിന്റെ മാത്രം കാര്യമല്ല. കേരളത്തിലിപ്പോൾ 60 ഓളം പ്രധാനപ്പെട്ട ഡാമുകളുണ്ട്. ഓരോ ഡാമുകളയെും ഒരേ ഫ്രെയിം മെറിറ്റിലൂടെയാണ് വിശകലനം ചെയ്യേണ്ടത്. ഈ 60 ഡാമുകളും നമ്മൾ വേണ്ടതരത്തിലാണ് സംരക്ഷിച്ചു പോരുന്നത്. ഈ 60 ഡാമുകൾക്ക് എന്തെങ്കിലും അപകടമുണ്ടായിക്കഴിഞ്ഞാൽ ആളുകൾക്ക് എന്ത് സംഭവിക്കും?.
അങ്ങനെയൊരു പൊതുവായുള്ള ഫ്രെയിംവർക്കിൽ നോക്കുകയാണെങ്കിൽ ചില അണക്കെട്ടുകൾ പൂർണമായും സുരക്ഷിതമായിരിക്കും, ചിലത് കൂടുതൽ ശ്രദ്ധ ആവശ്യമുള്ളവയായിരിക്കും, മറ്റു ചിലത് സുരക്ഷാ കാരണങ്ങളാൽ ഡീകമ്മീഷൻ ചെയ്യേണ്ടി വന്നേക്കാം. ഈ തരത്തിലുള്ള ഒരു വിശകലനത്തിലൂടെ ഈ വിഷയത്തെ സമീപിക്കുകയാണെങ്കിൽ മറ്റുള്ള ആളുകളുടെ മുൻപിൽ നമുക്ക് കൂടുതൽ വിശ്വാസ്യത ലഭിക്കും.
മറിച്ച് 59 ഡാമുകളും പൂർണമായും സുരക്ഷിതമാണ്, ഒരു കുഴപ്പവുമില്ല നമ്മൾ അതിനേക്കുറിച്ച് ചിന്തിക്കേണ്ടതു പോലുമില്ല, ഈ ഒരു ഡാം മാത്രമാണ് പ്രശ്നമെന്ന് പറയുമ്പോൾ പുറത്തുള്ള ആളുകൾക്ക് അതിൽ അത്രയും വിശ്വാസ്യത ഉണ്ടാകില്ല".- മുരളി തുമ്മാരുകുടി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക