തിരുവൈരാണിക്കുളം പാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്നുമുതൽ; വിർച്വൽ ക്യൂ, പ്രത്യേക സർവീസുമായി കെഎസ്ആർടിസി, ക്രമീകരണങ്ങൾ ഇങ്ങനെ

ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്നു മുതൽ ജനുവരി 23 വരെ.
thiruvairanikkulam temple festival
തിരുവൈരാണിക്കുളം പാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഞായറാഴ്ച മുതല്‍image credit: thiruvairanikkulam temple
Updated on

കൊച്ചി: ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്നു മുതൽ ജനുവരി 23 വരെ. ഉമാമഹേശ്വരൻമാർ അനഭിമുഖമായി ഒരേ ശ്രീകോവിലിൽ വാണരുളുന്ന ഈ ക്ഷേത്രത്തിൽ മഹാദേവന്റെ തിരുനട വർഷം മുഴുവൻ തുറക്കുമെങ്കിലും പാർവ്വതീ ദേവിയുടെ തിരുനട വർഷത്തിൽ 12 ദിവസം മാത്രമേ തുറക്കുകയുള്ളൂ. സാധാരണ ക്യു സംവിധാനം കൂടാതെ ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ദേവീ ദർശനം നടത്തുന്നതിനായി വിർച്വൽ ക്യു സംവിധാനവും ഉണ്ടായിരിക്കുന്നതാണെന്ന് തിരുവൈരാണിക്കുളം ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ജനുവരി 1 മുതലാണ് വിർച്വൽ ക്യൂ ബുക്കിങ്ങ് ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് www.thiruvairanikkulamtemple.org

ഉത്സവത്തിന് തുടക്കം കുറിച്ചുള്ള തിരുവാഭരണഘോഷയാത്ര ഞായറാഴ്ച വൈകീട്ട് 4.30ന് അകവൂർ മനയിൽ നിന്ന് ആരംഭിക്കും. ഘോഷയാത്ര രാത്രി 8ന് ക്ഷേത്രത്തിൽ പ്രവേശിച്ച് ആചാരപൂർവം നടതുറക്കും. രാത്രി 10 ന് നടയടയ്‌ക്കും. തുടർന്ന് പൂത്തിരുവാതിര ചടങ്ങുകൾ നടത്തും.തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 4 മുതൽ ഉച്ചയ്ക്ക് 1.30വരെയും വൈകീട്ട് 4 മുതൽ രാത്രി 9 വരെയുമാണ് ദർശന സമയം. ഭക്തജനങ്ങൾക്ക് ദർശനത്തിന് ക്യൂ നിൽക്കാനായി അൻപതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള പന്തലുകളാണ് ഒരുക്കിയിട്ടുള്ളത്.വഴിപാടുകൾക്ക് രസീത് ലഭിക്കുന്നതിന് ക്യൂവിൽ തന്നെ കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഓൺലൈനായും വഴിപാടുകൾ ബുക്ക് ചെയ്യാം.

കെഎസ്ആർടിസി പ്രത്യേക സർവീസ്

ആലുവ , പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സർവീസ് നടത്തും. തീർത്ഥാടന പാക്കേജിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ദീർഘദൂര സർവീസുകളുമുണ്ടാകും. ആരോഗ്യ വകുപ്പ് മാറമ്പിള്ളി, ശ്രീമുലനഗരം ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും വില നിയന്ത്രണവും ഉറപ്പാക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും ശുദ്ധജല ലഭ്യതക്കായി വാട്ടർ അതോറിട്ടിയും വൈദ്യുതി വിതരണം സാദ്ധ്യമാക്കാൻ കെ എസ് ഇബിയും നടപടികൾ സ്വീകരിക്കും. കർശനമായ ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഉത്സവം. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് പൂർണമായും ഒഴിവാക്കണമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.‌

ആറു പാർക്കിങ് ഗ്രൗണ്ടുകൾ

ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ആറ് പാർക്കിങ് ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ പാർക്കിങ് ഗ്രൗണ്ടുകളും ഉണ്ടാകും. തെക്കൻ ജില്ലകളിൽ നിന്നെത്തുന്ന ചെറുവാഹനങ്ങൾ മാറമ്പിള്ളി ശ്രീമൂലം പാലം കടന്ന് സൗപർണിക ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്. മറമ്പിള്ളി പാലം കടന്നു വരുന്ന വലിയ വാഹനങ്ങൾ സൗപർണിക പാർക്കിങ് ഗ്രൗണ്ടിന് സമീപം ആളുകളെ ഇറക്കിയ ശേഷം മാറമ്പിള്ളി പാലത്തിന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. വിർച്വൽ ക്യൂ ബുക്ക് ചെയ്തവർ പാർക്കിങ് ഗ്രൗണ്ടുകളായ കൈലാസം, സൗപർണിക എന്നിവിടങ്ങളിലെയും തിരുവൈരാണിക്കുളം ജംഗ്ഷനിലെ വേരിഫിക്കേഷൻ കൗണ്ടറിലും ബാർകോഡ് അടങ്ങിയ ബുക്കിംഗ് രസീത് കാണിച്ച് ദർശന പാസ് വാങ്ങണം. വഴിപാട് സാധനങ്ങൾ, രസീതുകൾ എന്നിവ ലഭിക്കുന്നതിനായി രണ്ട് ക്യൂ ഗ്രൗണ്ടുകളിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്

പാർവ്വതീദേവിയുടെ നട പന്ത്രണ്ടു ദിവസം തുറക്കുന്നതിന്റെ ഐതിഹ്യം

പണ്ടു കാലങ്ങളിൽ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും എന്നാൽ പിന്നീട് ഈ രീതിക്കുമാറ്റം വന്നു എന്നുമാണ് വിശ്വാസം. ഐതീഹ്യപ്രകാരം മഹാദേവനുള്ള നിവേദ്യ സാമഗ്രികൾ തിടപ്പള്ളിയിൽവച്ചു വാതിലടച്ചു ശാന്തിക്കാരൻ തിരികെ പോരും. ഈ സമയം പാർവ്വതിദേവിയാണ് നിവേദ്യം ഒരുക്കുന്നത്. ശ്രീകോവിലിലെ കർമങ്ങൾ കഴിഞ്ഞു തിടപ്പള്ളി തുറക്കുമ്പോൾ നിവേദ്യം തയ്യാറായിരിക്കും. ഒരിക്കൽ അകവൂർ മനയിലെ അന്നത്തെ കാരണവർ തിടപ്പള്ളിയിലെ അത്ഭുത നിവേദ്യത്തിന്റെ രഹസ്യമറിയാനായി പൂജാസമയത്തിനു മുൻപ് തിടപ്പള്ളിയുടെ വാതിൽ തുറന്നുനോക്കി. ഭഗവാനായി നിവേദ്യം തയ്യാറാക്കുന്ന ദേവിയെ കണ്ടു ഭക്തപരവശനായ നമ്പൂതിരിപ്പാട് 'അമ്മേ ജഗദംബികേ!' എന്ന് ഉച്ചത്തിൽ വിളിച്ചുപോയി.

കുപിതയായ ദേവി ഇനി തന്റെ സാന്നിദ്ധ്യം ഇവിടെയുണ്ടാകില്ല എന്ന് അരുളിച്ചെയ്തു. മറ്റു ഭക്തർക്കായെങ്കിലും ഇവിടം വിട്ടു പോകരുതെന്ന് കരഞ്ഞപേക്ഷിച്ച നമ്പൂതിരിപ്പാടിനോട് അലിവ് തോന്നി ഭഗവാന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനഭാഗ്യം നൽകാമെന്നും നട അടഞ്ഞുകിടന്നാലും തന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നും അനുഗ്രഹിച്ചു. ഇതിൻ പ്രകാരമാണ് പതിവായി തുറന്നിരുന്ന പാർവ്വതി ദേവിയുടെ തിരുനട ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ പന്ത്രണ്ടു നാൾ മാത്രം തുറക്കാൻ തുടങ്ങിയത് എന്നാണ് വിശ്വാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com