'ദ്വയാര്‍ഥ പ്രയോഗമെന്ന് ഏതു മലയാളിക്കും മനസ്സിലാവും'; ബോബി ചെമ്മണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

ബോഡി ഷെയ്മിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി
boby chemmanur
ബോബി ചെമ്മണൂര്‍ എക്‌സ്പ്രസ്/ ടിപി സൂരജ്‌
Updated on

കൊച്ചി: ബോഡി ഷെയ്മിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി. നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് ബോഡി ഷെയ്മിങ്ങിനെതിരെ ഹൈക്കോടതി നിരീക്ഷണം നടത്തിയത്. കറുത്തത്, തടിച്ചത്, മെലിഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും മറ്റുള്ളവരെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ മോട്ടിവേഷന്‍ സ്പീക്കര്‍ സ്റ്റീവ് മാറബോളിയുടെ വാക്കുകള്‍ കടമെടുത്ത് കൊണ്ടാണ് കോടതി ബോഡി ഷെയ്മിങ്ങിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. 'സ്ത്രീയെ രൂപം നോക്കി വിലയിരുത്തിയാല്‍, അത് അവളെയല്ല നിങ്ങളെ തന്നെയാണ് നിര്‍വചിക്കുക'- എന്ന മാറബോളിയുടെ വാക്കുകളാണ് ഹൈക്കോടതി ഉത്തരവില്‍ ഉദ്ധരിച്ചത്. 50000 രൂപയുടെ ബോണ്ടിലും തുല്യതുകയ്ക്കുള്ള രണ്ടു ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം. അന്വേഷണവുമായി ബോബി ചെമ്മണൂര്‍ സഹകരിക്കണം. ഈ കേസുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സ്വാധീനിക്കാനോ, ഭീഷണിപ്പെടുത്താനോ പാടില്ല. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ജാമ്യഹര്‍ജിയില്‍ കേസ് നിലനില്‍ക്കുന്നതല്ല എന്നാണ് ബോബി ചെമ്മണൂര്‍ പറഞ്ഞത്. എന്നാല്‍ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രഥമ വിവര രേഖ പരിശോധിച്ചാല്‍ ബോബി ചെമ്മണൂരിന്റെ പരാമര്‍ശം ദ്വയാര്‍ഥ പ്രയോഗമാണെന്ന് ഏതൊരു മലയാളിക്കും മനസിലാകുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ബോഡി ഷെയ്മിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്ന് പറഞ്ഞ കോടതി കറുത്തത്, തടിച്ചത്, മെലിഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.

ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. എന്തിനാണ് ഈ മനുഷ്യന്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് കോടതി ചോദിച്ചു. ദ്വയാര്‍ത്ഥം അല്ലാതെ ബോബി പറഞ്ഞതെന്താണ്?. ഡബിള്‍ മീനിങ് ഇല്ല എന്ന് എങ്ങനെ പറയാനാകുമെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു.

ജാമ്യഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ നടിയെ വീണ്ടും അപമാനിക്കുന്നതല്ലേ?. വീഡിയോ പരിശോധിച്ച കോടതി, അത് ലോകം വീണ്ടും കേള്‍ക്കട്ടെയെന്ന് അഭിപ്രായപ്പെട്ടു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെന്ന് സ്വയം കരുതുന്നയാള്‍ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ആരാഞ്ഞു. മോശം പരാമര്‍ശം നടത്തുന്നതിന്റെ പ്രത്യാഘാതം ജനം മനസ്സിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കടയുടെ ഉദ്ഘാടന സമയത്ത് ബോബി ചെമ്മണൂര്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തുമ്പോഴും നടി വളരെ മാന്യമായാണ് പെരുമാറുന്നത്. അത് അവരുടെ മാന്യതയാണ് പ്രകടമാക്കുന്നത്. ആ സമയത്ത് അവര്‍ പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതയായി കണക്കാക്കണമെന്ന് കോടതി നിരീക്ഷിച്ചു.

ബോബി ചെമ്മണൂര്‍ തുടര്‍ച്ചയായി ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഒരു തവണയല്ല, പലതവണ ഇയാള്‍ അത് ആവര്‍ത്തിക്കുന്നു. അതുകൊണ്ടു തന്നെ സമൂഹത്തിന് പാഠമാകുന്ന തീരുമാനമാണ് കോടതിയില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതം സമൂഹത്തിന് ഇപ്പോള്‍ തന്നെ ബോധ്യമായിട്ടുണ്ടാകുമല്ലോയെന്ന് കോടതി അഭിപ്രായപ്പെട്ടു.

ആറു ദിവസത്തിന് ശേഷമാണ് ബോബിക്ക് കേസില്‍ ജാമ്യം ലഭിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണൂര്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com