
തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ തന്റെ കട്ടൗട്ട് സ്ഥാപിച്ചതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ഒരു പ്രചരണവും പാടില്ലെന്ന നിലപാടിലേക്ക് സര്‍ക്കാരിന് എത്താന്‍ കഴിയില്ല. എന്നാല്‍ ഇവ നിയമവിധേയമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടറിയേറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റിന് സമീപമാണ് ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് ഇടത് അനുകൂല സംഘടന കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡും മുഖ്യമന്ത്രിയുടെ കട്ടൗട്ടും സ്ഥാപിച്ചത് വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
കേരളത്തില്‍ ഒരു പ്രചരണവും പാടില്ല എന്ന നിലപാടിലേക്ക് സംസ്ഥാനത്തിന് എത്താന്‍ കഴിയില്ലെന്നും സ്വാഭാവികമായുള്ള പ്രചരണങ്ങള്‍ വേണ്ടി വരുമെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിവിധ പ്രചരണങ്ങള്‍ പല പ്രദേശങ്ങളിലും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അതാകെ ഇല്ലാതാക്കാന്‍ നമ്മുടെ സംസ്ഥാനത്തിന് കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇക്കാര്യത്തില്‍ കോടതി ചൂണ്ടിക്കാണിച്ചത് ഒരേ ഒരു കാര്യം നിയമ വിധേയമായിരിക്കണം എന്നാണ്. പ്രചരണങ്ങള്‍ക്കായി ഫ്‌ലെക്‌സ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നേരത്തെ തീരുമാനിച്ചിട്ടുള്ള നിലപാട്. ഫ്‌ലെക്‌സ് ഒഴിവാക്കുന്ന നില സ്വീകരിക്കണം. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും വിവിധ പ്രചരണ പരിപാടികള്‍ നടത്താറുണ്ട്.
ഇത് വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാരിന് കഴിയില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇത്തരം പരിപാടികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഇവ നിയമവിധേയമാണെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് കോടതി നിര്‍ദേശത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക