

കൊച്ചി: ട്രാൻസ്ജെൻഡർമാർക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും ആറു മാസത്തിനുള്ളിൽ സംവരണമേർപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ട്രാൻസ്ജെൻഡർമാരെ മൂന്നാംലിംഗക്കാരായി അംഗീകരിച്ച് നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയും കേന്ദ്രസർക്കാരുംത മ്മിലുള്ള കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിർദേശം.
ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പാലക്കാട് സ്വദേശി സി കബീർ അടക്കമുള്ളവർ നൽകിയ ഹർജി തീർപ്പാക്കിയാണിത്. സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവുകൾ നൽകിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.
സാധാരണ സർക്കാരിന്റെ നയരൂപവത്കരണത്തിൽ കോടതി ഇടപെടാറില്ലെങ്കിലും ട്രാൻസ്ജെൻഡർമാരുടെ അവകാശം സുപ്രീംകോടതി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം നൽകുന്നതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് കേന്ദ്രസർക്കാർ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ചട്ടങ്ങൾ പാസാക്കിയിരുന്നു.
2020 ൽ സംസ്ഥാനസർക്കാരും ചട്ടങ്ങൾ രൂപവത്കരിച്ചു. നിയമപരമായ വ്യവസ്ഥകളും ഉത്തരവുകളുമില്ലെങ്കിൽ സംവരണം നടപ്പാക്കാനാകില്ല. വിദ്യാഭ്യാസവും തൊഴിലും ട്രാൻസ്ജെൻഡർമാരുടെ പുരോഗതിക്ക് അനിവാര്യമാണെന്നും കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates