സമാധി ഇരുത്തിയ ഇടത്ത് തന്നെ മഹാസമാധി ഒരുക്കും; വേട്ടയാടിയവര്‍ക്കെതിരെ നിയമ നടപടിയെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍

നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം പുറത്തുവന്നതിന് പിന്നാലെ, കുടുംബത്തെ വേട്ടയാടിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്തന്‍
Gopan Swami's son says Mahasamadhi will be prepared at the same place where the samadhi was placed; Legal action will be taken against those who hunted
ഗോപൻ സ്വാമിയുടെ മകൻ സനന്തൻ മാധ്യമങ്ങളോട്സ്ക്രീൻഷോട്ട്
Updated on
1 min read

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം പുറത്തുവന്നതിന് പിന്നാലെ, കുടുംബത്തെ വേട്ടയാടിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്തന്‍. അച്ഛനെ സമാധി ഇരുത്തിയ സ്ഥലത്ത് തന്നെ മഹാസമാധി ഒരുക്കുമെന്നും സനന്തന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ശിവന്റെ അമ്പലത്തില്‍ അച്ഛന്‍ സമാധിയായി. സമാധിയെ മഹാസമാധി എന്ന് വേണം പറയാന്‍. ഇതിന് തടസം നിന്നവര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കണം. അച്ഛന്റേത് മഹാ സമാധിയാണ്. ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തിയില്‍ ആരൊക്കെ ഉണ്ടോ അവര്‍ക്കെതിരെയെല്ലാം നിയമ നടപടി എടുത്തേ പറ്റൂ. കുടുംബത്തെ വേട്ടയാടിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും'- സനന്തന്‍ പറഞ്ഞു.

പോസ്റ്റ്മോർട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ ആചാരപ്രകാരം സംസ്‌കരിക്കും. സമാധി ഇരുത്തിയ സ്ഥലത്ത് തന്നെ അച്ഛന് മഹാസമാധി ഒരുക്കുമെന്ന് കുടുംബം പറഞ്ഞു. നിലവില്‍ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിക്കുന്നത്. വിപുലമായ ചടങ്ങുകളോടെ മഹാസമാധി ഒരുക്കുമെന്നും കുടുംബം പറഞ്ഞു.

ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഫോറന്‍സിക് സംഘം വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കായി ആന്തരികഅവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയായി.

ഇന്ന് രാവിലെ ഏഴുമണിയോടെ സബ് കലക്ടറുടെ സാന്നിധ്യത്തിലാണ് ഗോപന്‍ സ്വാമിയെ സമാധിയിരുത്തിയ കല്ലറ തുറന്നത്. കല്ലറ തുറക്കുമ്പോള്‍ നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ ഇന്‍ക്വിസ്റ്റ് നടപടികളിലും പോസ്റ്റ് മോര്‍ട്ടത്തിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രം മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയില്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കി. അതിന് ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തണം. ഇതിന് ശേഷം മാത്രമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂവെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്.

വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണോ?, ശ്വാസകോശത്തില്‍ എന്തെങ്കിലും നിറഞ്ഞിട്ടാണോ മരണം സംഭവിച്ചത്?, ശ്വാസംമുട്ടിയിട്ടാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ മരണം നടന്ന സമയം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. മരണം നടന്ന സമയം സംബന്ധിച്ച് ബന്ധുക്കള്‍ പറയുന്ന സമയം ഉണ്ട്. ഗോപന്‍ സ്വാമിയുടെ ബന്ധുക്കള്‍ പറയുന്ന സമയവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് അറിയാന്‍ രാസപരിശോധനാഫലം വരേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com