chendamangalam murder
പൊലീസ് കസ്റ്റഡിയിലുള്ള ഋതു ടിവി ദൃശ്യം

ചേന്ദമം​ഗലം കൂട്ടക്കൊല; പ്രതി ലഹരി ഉപയോ​ഗിച്ചിരുന്നില്ല, മാനസിക പ്രശ്നവുമില്ലെന്ന് പൊലീസ്; ഋതു റിമാൻഡിൽ

പ്രതിക്കു നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമം
Published on

കൊച്ചി: പറവൂർ ചേന്ദമം​ഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയനെ (27) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിനു മുന്നിൽ കൊണ്ടു വരുമ്പോൾ പ്രതിക്കു നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമമുണ്ടായി. നടപടികൾ പൂർത്തിയായി പുറത്തിറങ്ങിയപ്പോഴും ജനരോക്ഷം ഉണ്ടായി. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ വാഹനത്തിൽ കയറ്റിയത്.

അതിനിടെ സംഭവ സമയത്ത് പ്രതി ലഹരി ഉപയോ​ഗിച്ചിരുന്നതായി തെളിഞ്ഞില്ലെന്നു പൊലീസ് വ്യക്തമാക്കി. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും പൊലീസ് പറഞ്ഞു.

ഋതുവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടണം എന്നു കാണിച്ച് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. വൈകീട്ട് ആറരയോടെയാണ് കസ്റ്റഡിയിൽ വിട്ട് ഉത്തരാവയത്.

ഋതു കേരളത്തിനു പുറത്തു എന്തെങ്കിലും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ, ലഹരി ഇടപാടുകളിൽ ഭാ​ഗമായിട്ടുണ്ടോ എന്നതെല്ലാം തെളിയേണ്ടതുണ്ടെന്നു ഡിവൈഎസ്പി എസ് ജയകൃഷ്ണൻ പ്രതികരിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. കാര്യങ്ങൾ പറയുന്നുണ്ട്. പറഞ്ഞതെല്ലാം സത്യമാണോ അല്ലയോ എന്നതെല്ലാം പരിശോധിക്കേണ്ടതുണ്ട്. വിശദമായ ചോദ്യം ചെയ്യലും പരിശോധനകളും പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമേ നടത്താൻ സാധിക്കു. ഇന്നലെ ഋതു വീട്ടിൽ തന്നെ ഉണ്ടായിരുന്നതായാണ് വിവരം. അതിനിടെ എപ്പോഴെങ്കിലും പുറത്തു പോയിരുന്നോ ഇല്ലയോ എന്നു പരിശോധിച്ചു വരികയാണെന്നും ഡിവൈഎസ്പി പറഞ്ഞു.

തന്നെയും വീട്ടുകാരേയും കളിയാക്കിയതിനെ തുടർന്നാണു താൻ ആക്രമണത്തിനു മുതിർന്നത് എന്നാണ് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. പരിക്കേറ്റ് ചികിത്സയിലുള്ള ജിതിനെ ആക്രമിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് ഋതു പൊലീസിനോട് പറഞ്ഞു. തടുക്കാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോൾ തലയ്ക്ക് അടിച്ചു വീഴ്ത്തിയെന്നും ഋതു മൊഴി നൽകി. കസ്റ്റഡിയിലുള്ള ഋതുവിനെ ഉന്നത പൊലീസ് സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും.

ബം​ഗളൂരുവിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്യുന്ന ഋതു കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വന്നത്. കത്യം നടത്തി ബൈക്കിൽ സി​ഗരറ്റു വലിച്ച് ഹെൽമറ്റില്ലാതെ സഞ്ചരിച്ച പ്രതിയെ പന്തികേട് തോന്നി പൊലീസ് തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. നാല് പേരെ കൊന്നുവെന്നും അതു അറിയിക്കാനായി പൊലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു എന്നുമാണ് ഋതു പൊലീസിനോടു പറഞ്ഞത്. പിന്നാലെയാണ് പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com