ചീരക്കറിയില്‍ കീടനാശിനി കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തി; പേരമകനും ഭാര്യയും കുറ്റക്കാർ, ശിക്ഷ നാളെ

ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി
nabeesa murder case
ബഷീര്‍, നബീസ, ഫസീലടിവി ദൃശ്യം
Updated on

പാലക്കാട്: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ കൊലപ്പെടുത്തിയ കേസിൽ പേരമകൻ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മണ്ണാർക്കാട് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികളുടെ ശിക്ഷ നാളെ പ്രസ്താവിക്കും.

2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് - ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കാണപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ അറസ്റ്റിലാകുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ അനുനയിപ്പിച്ച് നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തി.

22-ാം തീയതി രാത്രി ചീരക്കറിയില്‍ കീടനാശിനി ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ഇതു കഴിച്ചെങ്കിലും കാര്യമായ ശാരീരിക വിഷമതകൾ കാണാതിരുന്നതോടെ, രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. തുടര്‍ന്ന് 24- ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കില്‍ ഫസീല പലതവണ എഴുതിയിരുന്നതായും, ഇത് മറ്റൊരു പേപ്പറിലേക്ക് പകര്‍ത്തിയെഴുതിയത് ബഷീറാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയിൽ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഭർത്താവിന്റെ പിതാവിന് മെത്തോമൈൻ എന്ന വിഷപദാര്‍ഥം നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസീല നേരത്തെ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com