

തൃശൂര്‍: മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്ക് ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന ഓടക്കുഴല്‍ പുരസ്‌കാരം കഥാകൃത്തും നോവലിസ്റ്റുമായ കെ അരവിന്ദാക്ഷന്. 'ഗോപ' എന്ന നോവലിനാണ് 2024ലെ പുരസ്‌കാരം.
മഹാകവിയുടെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് എറണാകുളത്തെ സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി ഓഡിറ്റോറിയത്തില്‍ പ്രശസ്ത സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി രാധാകൃഷ്ണന്‍ പുരസ്‌കാരം കെ അരവിന്ദാക്ഷന് സമ്മാനിക്കും. പ്രശസ്ത സാഹിത്യ നിരൂപകന്‍ കെ ബി പ്രസന്നകുമാര്‍, പ്രശസ്ത കവിയും എഴുത്തുകാരനുമായ വി എച്ച് ദിരാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.ശില്പവും മുപ്പതിനായിരം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.
ബുദ്ധനായി മാറിയ സിദ്ധാര്‍ത്ഥനെ അദ്ദേഹത്തിന്റെ പത്‌നിയായ യശോധരയെന്ന ഗോപ ചോദ്യം ചെയ്യുന്നതാണ് 'ഗോപ' എന്ന നോവലിന്റെ ഇതിവൃത്തം.തൃശൂര്‍ ജില്ലയിലെ വെങ്ങിണിശ്ശേരിയില്‍ 1953 ജൂണ്‍ 10-ന് ജനിച്ച കെ അരവിന്ദാക്ഷന്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡും ഗുരുദര്‍ശന അവാര്‍ഡും നേടിയിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. സാക്ഷിമൊഴി, ഭോപ്പാല്‍, പുതിയ ഗോത്രത്തിന്റെ ഉല്പത്തി, എലിവേട്ടക്കാരുടെ കൈപ്പുസ്തകം, കുശിനാരയിലേക്ക്, മറുപാതി, അലക്കുയന്ത്രം, മീര ചോദിക്കുന്നു, നിലാവിലെ വിരലുകള്‍, രജിതയുടെ തിരോധാനം, ദൈവം തുറക്കാത്ത പുസ്തകം, ഉഭയജീവികളുടെ മാനിഫെസ്റ്റോ എന്നിവയാണ് പ്രധാന കൃതികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates