പത്മശ്രീ രഞ്ജനയുടെ വാട്‌സ്ആപ്പില്‍ നിന്ന് വിളിച്ച് പണം ആവശ്യപ്പെട്ടു; സീരിയല്‍ നടി സൈബര്‍ തട്ടിപ്പിന് ഇരയായി

'ചോദിക്കുന്നതില്‍ നാണക്കേടുണ്ട്, എന്റെ അക്കൗണ്ടിന് ചെറിയ പ്രശ്നമുണ്ട്, കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് തന്ന് സഹായിക്കാമോ എന്നായിരുന്നു സന്ദേശം'.
actress anjitha
അഞ്ജിത
Updated on

കൊച്ചി: പ്രശസ്ത നര്‍ത്തകി പത്മശ്രീ രഞ്ജന ഗോറിന്റെ ഫോണില്‍ നിന്ന് വാട്‌സാപ്പ് മെസേജ് അയച്ച് സൈബര്‍ തട്ടിപ്പിന് ഇരയാക്കിയെന്ന പരാതിയുമായി നടി അഞ്ജിത. രഞ്ജന ഗോറിന്റെ വാട്സാപ്പ് ഹാക്ക് ചെയ്താണ് തട്ടിപ്പിന് ഇരയാക്കിയതെന്നും നടി പറയുന്നു. പതിനായിരം രൂപയാണ് നടിയില്‍ നിന്നും ഇത്തരത്തില്‍ തട്ടിയെടുത്തത്.

19-ാം തീയതി ഉച്ചയോടെയാണ് രഞ്ജനയുടെ വാട്സാപ്പില്‍നിന്ന് സന്ദേശം വരുന്നതെന്ന് നടി പറഞ്ഞു. ചോദിക്കുന്നതില്‍ നാണക്കേടുണ്ട്, എന്റെ അക്കൗണ്ടിന് ചെറിയ പ്രശ്നമുണ്ട്, കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് തന്ന് സഹായിക്കാമോ എന്നായിരുന്നു സന്ദേശം. ഇത് കണ്ടപാടെ ഞാന്‍ രഞ്ജനയെ വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ കോള്‍ എടുത്തില്ല. ഇത്രയും വലിയ ഒരാള്‍, തന്നോട് പണം കടം ചോദിക്കുന്നതിന്റെ വിഷമം കൊണ്ടായിരിക്കും ഫോണ്‍ എടുക്കാത്തതെന്ന് കരുതി. രഞ്ജന പറഞ്ഞ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ചു കൊടുത്തു. അടുത്ത ദിവസം വൈകിട്ട് തിരികെ അയക്കാം എന്നായിരുന്നു പറഞ്ഞത്. ഇതിനൊപ്പംതന്നെ, തന്റെ ഫോണിലേക്ക് ഒ.ടി.പി. അയച്ച് വാട്സാപ്പ് ഹാക്ക് ചെയ്യാനും തട്ടിപ്പുകാര്‍ ശ്രമിച്ചിരുന്നു. പക്ഷേ, സമയോചിതമായ ഇടപെടല്‍ കാരണം വാട്സാപ്പ് ഹാക്ക് ആയില്ലെന്നും നടി പറയുന്നു.

രഞ്ജന ഇടയ്ക്ക് വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. രഞ്ജനയുടെ സ്വകാര്യ നമ്പറില്‍നിന്ന് പണം ചോദിച്ചതുകൊണ്ടാണ് സംശയം തോന്നാതിരുന്നത്. രഞ്ജന പിന്നീട് വിളിക്കുകയും തന്റെ വാട്ട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണം ചോദിച്ചാല്‍ കൊടുക്കരുതെന്നും പറഞ്ഞിരുന്നു. അപ്പോഴേക്കും തട്ടിപ്പുകാര്‍ക്ക് താന്‍ 10,000 രൂപ അയച്ചുനല്‍കിക്കഴിഞ്ഞിരുന്നെന്നും അഞ്ജിത പറഞ്ഞു. രഞ്ജനയുടെ നമ്പര്‍ ഇപ്പോഴും തട്ടിപ്പുകാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അഞ്ജിത കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com