
കോഴിക്കോട്: താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റു. ഏറെയും തലയ്ക്കും കഴുത്തിനുമാണ്. മുറിവുകള്‍ ആഴത്തിലുള്ളതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി ആഷിഖിനായി പൊലീസ് മറ്റന്നാള്‍ കസ്റ്റഡി അപേക്ഷ നല്‍കും.
അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കല്‍ സുബൈദ(52) ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. മകന്‍ മുഹമ്മദ് ആഷിഖിനെ(25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അസുഖബാധിതയായി സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്ന സുബൈദയെ അവിടെയെത്തിയാണ് മകന്‍ കൊലപ്പെടുത്തിയത്.
വീട്ടിലെ ഡൈനിങ് ഹാളില്‍ മാതാവിനെ കഴുത്ത് അറുത്ത് കൊന്നശേഷം രക്തംപുരണ്ട കൈയുമായി ആഷിഖ് നില്‍ക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. തേങ്ങ പൊളിക്കാനാണെന്നു പറഞ്ഞ് മുഹമ്മദ് ആഷിഖ് അടുത്ത വീട്ടില്‍ നിന്നു വാങ്ങിയ കൊടുവാള്‍ ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. ലഹരിമരുന്നിന് അടിമയാണ് ഇയാളെന്നാണ് കുടുംബം പറയുന്നത്. പലതവണ ഡിഅഡിക്ഷന്‍ സെന്ററുകളില്‍ ഇയാളെ പ്രവേശിപ്പിച്ചിരുന്നു.
സുബൈദ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു ശേഷം സഹോദരി പുതുപ്പാടി ചോയിയോട് ആദില്‍ മന്‍സില്‍ ഷക്കീലയുടെ വീട്ടില്‍ ഒന്നര മാസം മുന്‍പാണ് എത്തിയത്. ഷക്കീല ജോലിക്കു പോയിരുന്നതിനാല്‍ അക്രമം നടന്ന സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പ്രതി മുന്‍പും ഉമ്മയ്ക്കു നേരെ അതിക്രമങ്ങള്‍ കാണിച്ചിരുന്നു. രണ്ടു മൂന്നു ദിവസമായി വീട്ടില്‍ എത്താതിരുന്നത് ഉമ്മ ചോദ്യം ചെയ്തതാണു പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമായി പ്രതി പൊലീസിനോടു പറഞ്ഞത്.
മുന്‍പും ഉമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു
ആഷിഖ് നേരത്തെ രണ്ടുമൂന്ന് തവണ ഉമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി താമരശ്ശേരി സിഐ. ആഷിഖ് ഉമ്മയോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. അതുപോലെ തന്നെ ഉമ്മയുടെ പേരില്‍ ഉള്ള സ്ഥലം വില്‍ക്കുവാനും ആവശ്യപ്പെട്ടിരുന്നു. ഉമ്മയെ കൊല്ലണമെന്ന് ചിലരോട് പറഞ്ഞിരുന്നെന്നും താമരശ്ശേരി സിഐ മാധ്യമങ്ങളോട് പറഞ്ഞു.
'പ്രതി അടുത്ത വീട്ടില്‍ നിന്ന് കൊടുവാള്‍ വാങ്ങി ഉമ്മയെ കഴുത്തിന് വെട്ടുകയായിരുന്നു.നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഉമ്മയോട് ഇടയ്ക്കിടെ പ്രതി പണം ആവശ്യപ്പെടാറുണ്ടായിരുന്നു. ഉമ്മയുടെ വസ്തു വില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉമ്മയെ കൊല്ലണമെന്ന് പലതവണ പലരോടായി പറഞ്ഞിട്ടുണ്ട്. മുന്‍പും ഉമ്മയെ കൊല്ലാന്‍ രണ്ടു മൂന്ന് തവണ ശ്രമിച്ചിരുന്നു. കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കും.'- താമരശ്ശേരി സിഐ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക