എയ്ഡഡ് സ്‌കൂളുകളില്‍ 56 വയസിനുള്ളിലുള്ളവരെ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരാക്കാം: സര്‍ക്കാര്‍ ഉത്തരവ്

മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 Central Teacher Eligibility Test
പ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ 56 വയസ്സിനുള്ളിലുള്ളവരെയും ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ സ്ഥിരം നിയമനത്തിനു അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞാല്‍ ദിവസവേതനാടിസ്ഥാനത്തില്‍ പോലും അധ്യാപകരെ നിയമിക്കാറില്ല.

43 വയസ്സ് കഴിഞ്ഞതിന്റെ പേരില്‍ അധ്യാപക നിയമനം നിഷേധിക്കപ്പെട്ട 6 പേര്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയിരുന്നു. ഈ വിവേചനം പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ചു പരാതിക്കാര്‍ക്ക് അനുകൂലമായി ഉത്തരവിറക്കുകയായിരുന്നു.

ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കില്‍ അക്കാദമിക് വര്‍ഷത്തിലെ അവസാന പ്രവൃത്തി ദിവസം വരെയും തുടരാന്‍ അനുവദിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ സ്വദേശി കെ സനല്‍കുമാറിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷന്‍ തീര്‍പ്പാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com