

തിരുവനന്തപുരം: കഴിഞ്ഞ സമ്പത്തിക വര്‍ഷം (2023-24) സംസ്ഥാനത്തിന്റെ നികുതി വരുമാനം 6.5 ശതമാനം വര്‍ധിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്. 2022-23 ല്‍ 90,228.84 കോടി രൂപയില്‍നിന്ന് നികുതി വരുമാനം 96,071.93 കോടി രൂപയായതായി നിയമസഭയില്‍ വച്ച വരവു–ചെലവ് സംബന്ധിച്ച 'അക്കൗണ്ട്‌സ് അറ്റ് എ ഗ്ലാന്‍സ്' റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 71,968.16 കോടി രൂപയില്‍ നിന്ന് 74,329.01 കോടി രൂപയായും കേന്ദ്ര നികുതികളുടെ വിഹിതം 18,260.68 കോടി രൂപയില്‍ നിന്ന് 21,742.92 കോടി രൂപയായും ഉയര്‍ന്നയായി കണക്കുകള്‍ പറയുന്നു. മൊത്തം റവന്യൂ വരുമാനമായ 1,24,486.15 കോടി രൂപയില്‍ നികുതി വരുമാനം 96,071.93 കോടി രൂപയും നികുതിയേതര വരുമാനം 16,345.96 കോടി രൂപയും ഗ്രാന്റ്-ഇന്‍-എയ്ഡ് 12,068.26 കോടി രൂപയുമാണ്.
സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റുകള്‍ ഗണ്യമായി കുറഞ്ഞു. 2022-23 ല്‍ 27,377.86 കോടി രൂപയായിരുന്ന ഗ്രാന്റുകള്‍ 2023-24 വര്‍ഷം 12,068.26 കോടി രൂപയായി കുറഞ്ഞു. 2023-24 ലെ മൊത്തം ഗ്രാന്റുകളായ ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകള്‍ 7,245.69 കോടി രൂപയും കേന്ദ്ര സ്‌പോണ്‍സര്‍ ചെയ്ത പദ്ധതികള്‍ 3,918.86 കോടി രൂപയും മറ്റ് ഗ്രാന്റുകള്‍ 903.71 കോടി രൂപയുമാണ്.
റവന്യൂ വരുമാനത്തിന്റെ 73.36%, അതായത് 1,24,486.15 കോടി രൂപ, സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകള്‍ക്കായി മാറ്റി. ഇതില്‍ ശമ്പളച്ചെലവ് 38,572.84 കോടി രൂപയും പലിശയായി അടച്ചത് 27,106.22 കോടി രൂപയും പെന്‍ഷനായി 25,644.24 കോടി രൂപയുമാണ് ചെലവഴിച്ചത്. ജിഎസ്ഡിപിയുടെ അനുപാതത്തില്‍, 2023-24 ല്‍ റവന്യൂ കമ്മി 1.58% ആയി വര്‍ധിച്ചു, ധനക്കമ്മി 2.99% ആയി വര്‍ദ്ധിച്ചു, മൊത്തം കടബാധ്യതകള്‍ 36.23% ആയി കുറഞ്ഞു. 2022-23 ല്‍ ഇവ യഥാക്രമം 0.88%, 2.44%, 36.80% എന്നിങ്ങനെയായിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം 12.79% കുറഞ്ഞു. 2022-23 ല്‍ 15,843.71 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ചപ്പോള്‍ 2023-24 ല്‍ ഇത് 13,817.96 കോടി രൂപയായി കുറഞ്ഞു. 2023-24 ല്‍ മൊത്തം പദ്ധതിച്ചെലവ്, 34,310.52 കോടി രൂപ, മൊത്തം ചെലവിന്റെ 21.51% ഉം ജിഎസ്ഡിപിയുടെ 2.99% ഉം ആയിരുന്നു. മുന്‍ വര്‍ഷം ഇത് യഥാക്രമം 20.63% ഉം 3.20% ഉം ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates