ഈസ്റ്റ് ബംഗാളിന് ജയം; ബ്ലാസ്റ്റേഴ്‌സിന് ഒന്‍പതാം തോല്‍വി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ 2-1ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചു
Indian Super League match
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ 2-1ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചുIMAGE CREDIT: Indian Super League
Updated on

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ 2-1ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒന്‍പതാം തോല്‍വിയാണിത്. കഴിഞ്ഞ മൂന്നു മത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാളിന് ബ്ലാസ്റ്റേഴ്‌സിനെതിരായ ജയം ആത്മവിശ്വാസം പകരും. 20-ാം മിനിറ്റില്‍ പി വി വിഷ്ണുവും 72-ാം മിനിറ്റില്‍ ഹിജാസി മെഹറുമാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി ഗോളുകള്‍ നേടിയത്. 84-ാം മിനിറ്റില്‍ ഡാനിഷ് ഫറൂഖ് ആണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. 17 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ 11-ാമതാണ്. 20-ാം മിനിറ്റില്‍ സ്പാനിഷ് താരം ക്ലെയ്റ്റന്‍ സില്‍വയുടെ പാസില്‍ ബോക്‌സിന്റെ വലതു ഭാഗത്തുനിന്നും വിഷ്ണു എടുത്ത ഇടം കാല്‍ ഷോട്ട് കേരള ഗോളി സച്ചിന്‍ സുരേഷിനെയും മറികടന്നു വലയിലെത്തുകയായിരുന്നു.

ആദ്യ പകുതിയില്‍ മറുപടി ഗോളിനായി ബ്ലാസ്റ്റേഴ്‌സ് നടത്തിയ നീക്കങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും ഈസ്റ്റ് ബംഗാളായിരുന്നു ആക്രമണങ്ങളില്‍ മുന്നില്‍നിന്നത്. 72-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍നിന്നാണ് ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോളെത്തിയത്. കോര്‍ണറില്‍നിന്ന് പന്തു ലഭിച്ച നവോറം മഹേഷ് സിങ് നല്‍കിയ ക്രോസില്‍, ഹിജാസി മെഹര്‍ തലവച്ച് പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ 20. മത്സരം ഏകപക്ഷീയമായി അവസാനിക്കുമെന്നു കരുതിയിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആശ്വാസ ഗോള്‍ നേടുന്നത്. അഡ്രിയന്‍ ലൂണയെടുത്ത ഫ്രീകിക്ക് ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ പ്രതിരോധിച്ചെങ്കിലും, പന്തു പിടിച്ചെടുത്ത് ഡാനിഷ് ഫറൂഖ് എടുത്ത ഷോട്ട് കൃത്യമായി വലയില്‍ പതിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com