ചങ്കുലയ്ക്കുന്ന നിലവിളി; കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അഖിലയും അതുല്യയും; സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു

സുധാകരന്റെ മൃതദേഹം എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലും ലക്ഷ്മിയുടെ മൃതദേഹം നെന്മാറ പഞ്ചായത്ത് ശ്മശാനത്തിലും സംസ്‌കരിച്ചു.
Nenmara double murder case
Updated on

പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര അതിക്രൂരമായി കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു. സുധാകരന്റെ മൃതദേഹം എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലും ലക്ഷ്മിയുടെ മൃതദേഹം നെന്മാറ പഞ്ചായത്ത് ശ്മശാനത്തിലുമാണ് സംസ്‌കരിച്ചത്. മതപരമായ ചടങ്ങുകളോടെയായിരുന്നു സംസ്‌കാരം.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സങ്കടം സഹിക്കാനാകാതെ മക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. കരഞ്ഞുതളര്‍ന്ന പെണ്‍മക്കള്‍ അഖിലയെയും അതുല്യയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി. നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വീട്ടിലെത്തിയത്.

അതേസമയം, കൊലപാതകം നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതി ചെന്താമരയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. 125 പൊലീസുകാരാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്. അതിനിടെ ചെന്താമരക്ഷന്റെ ഒരു സിം ഓണായതായും റിപ്പോര്‍ട്ടുകളുണ്ട്. കോഴിക്കോട് തിരുവമ്പാടിയിലാണ് സിം ലൊക്കേഷന്‍ കാണിക്കുന്നത്. തിരുവമ്പാടി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ തിരുവമ്പാടിയിലെ ക്വാറിയില്‍ ചെന്താമര സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്നു.

കൊലപാതക ശേഷം മുമ്പ് പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും അരിച്ചുപെറുക്കി തിരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തിരച്ചിലിനായി നാട്ടുകാരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.

5 വര്‍ഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ല്‍ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭര്‍ത്താവ് സുധാകരനെയും ഭര്‍ത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com