മുനമ്പം: ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കഴിഞ്ഞ തവണ ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു
kerala highcourt
ഹൈക്കോടതിഫയൽ
Updated on

കൊച്ചി: മുനമ്പം വഖഫ് ബോര്‍ഡ് ഭൂമി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. വഖഫ് സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി പരിഗണിക്കവെ, കഴിഞ്ഞ തവണ ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്റെ അധികാരപരിധി വിശദീകരിക്കാൻ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് കോടതി ചോദിച്ചു. മുനമ്പത്തെ 104 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന് സിവില്‍ കോടതി നേരത്തെ കണ്ടെത്തിയതാണ്. വീണ്ടും കമ്മീഷനെ വെച്ച് എങ്ങനെ തീരുമാനമെടുക്കാന്‍ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. മുനമ്പത്തെ കോടതി കണ്ടെത്തിയ ഭൂമിയില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധന സാധ്യമല്ല. വഖഫ് കമ്മീഷന്‍ റിപ്പോര്‍ട്ട് 2010 ല്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. വേണ്ടത്ര നിയമപരിശോധന കൂടാതെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതെന്നും കോടതി നിരീക്ഷിച്ചു.

ഒരു ഭൂമിയുടെ ടൈറ്റില്‍ തീരുമാനിക്കുള്ള അവകാശം സിവില്‍ കോടതിക്കാണ്. ആ അവകാശത്തില്‍ ഒരു ജുഡീഷ്യല്‍ കമ്മീഷന് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ അധികാരമുണ്ടെന്നും, ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങള്‍ കമ്മീഷന്റെ പരിധിയില്‍ ഇല്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സമരം ശക്തമായതോടെയാണ് സര്‍ക്കാര്‍, റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com