'കൂടോത്രം ചെയ്ത് ഭാര്യയെ അകറ്റി'; ചെന്താമരയ്ക്ക് കൊടുംപക, കുറ്റബോധമില്ല, സന്തോഷത്തോടെ പൊലീസ് കസ്റ്റഡിയില്‍

വീടിന് സമീപത്ത് വയലില്‍ നിന്നാണ് ചെന്താമരയെ പൊലീസ് പിടികൂടുന്നത്
nenmara double murder case
ചെന്താമര, എസ്പി അജിത് കുമാർ ഫയൽ
Updated on

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍. കൊലയ്ക്ക് ഉപയോഗിച്ച ആയുധം നേരത്തെ തന്നെ വാങ്ങിയിരുന്നു. ഇതു തന്നെ കുറ്റകൃത്യം ആസൂത്രണം ചെയ്തതാണെന്ന് സൂചിപ്പിക്കുന്നു. ഇന്നലെ രാത്രി പത്തരയോടെ വീടിന് സമീപത്ത് വയലില്‍ നിന്നാണ് ചെന്താമരയെ പൊലീസ് പിടികൂടുന്നത്. ഭക്ഷണം കിട്ടാതിരുന്നതാണ് പ്രതി വെളിയില്‍ വരാന്‍ കാരണമായതെന്നും എസ്പി അജിത് കുമാര്‍ പറഞ്ഞു.

ചെന്താമരയ്ക്ക് സുധാകരനോടും കുടുംബത്തോടുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. അന്ധവിശ്വാസിയാണ് ഇയാള്‍. തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം സുധാകരന്റെ കുടുംബമാണെന്ന വിശ്വാസമായിരുന്നു ഇയാള്‍ക്ക്. ഒരാളോട് മാത്രമല്ല, ആ കുടുംബത്തിലെ എല്ലാവരോടും ഇയാള്‍ക്ക് വൈരാഗ്യമുണ്ട്. ഇതേത്തുടര്‍ന്നാണ് 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി.

മന്ത്രവാദിയെ കണ്ടിട്ടില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ലെന്നും എസ്പി അജിത് കുമാർ പറഞ്ഞു. പ്രതി മികച്ച പ്ലാനിങ് ഉള്ള വ്യക്തിയാണ്. ചെന്താമരയുടെ സ്വഭാവം കടുവയുടേതു പോലെയാണ്. ഒരു കടുവയെപ്പോലെ എതിരാളികളെ കടിച്ചുകീറുന്നതാണ് ഇയാളുടെ ചിന്താഗതിയെന്നാണ് മനസ്സിലാകുന്നത്. ചെയ്തതില്‍ കുറ്റബോധമൊന്നും ചെന്താമര പ്രകടിപ്പിച്ചിട്ടില്ല. സന്തോഷത്തോടെയാണ് പൊലീസ് കസ്റ്റഡിയില്‍ പെരുമാറുന്നത്.

ഇരട്ടക്കൊലപാതകത്തിന് ശേഷം ഇയാള്‍ സ്വന്തം വീട്ടിലെത്തി. തുടര്‍ന്ന് പിന്നിലെ വേലി ചാടി കാട്ടിലേക്ക് പോകുകയായിരുന്നു. സമീപത്തെ കാടും പരിസരപ്രദേശങ്ങളുമെല്ലാം ഇയാള്‍ക്ക് മനഃപാഠമാണ്. പൊലീസ് തിരച്ചില്‍ നടത്തുന്നതെല്ലാം ഒളിച്ചിരുന്ന് കണ്ടതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. പത്താം ക്ലാസ് വരെയാണ് ഇയാള്‍ പഠിച്ചിട്ടുള്ളത്. ഒളിച്ചിരുന്ന പ്രതി ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പിടിയിലാകുന്നത്. ഇയാള്‍ വിഷം കഴിച്ചുവെന്ന് പറഞ്ഞത് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് വിശ്വസിക്കുന്നു.

വിഷം കഴിച്ചതിന്റെ യാതൊരു ബുദ്ധിമുട്ടും ഇയാള്‍ക്കുണ്ടായില്ല. വൈദ്യപരിശോധനയിലും അതൊന്നും കണ്ടെത്തിയിട്ടില്ല. പ്രതി നൽ‌കിയ മൊഴികളെക്കുറിച്ച് പരിശോധിച്ചു വരികയാണ്. ഇന്നു തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും. സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് അടക്കം നടത്തുന്നതിനായി പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ച് വീട്ടില്‍ താമസിച്ചതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും എസ്പി അജിത് കുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com