ആറളത്ത് കണ്ടെത്തിയത് പുലി തന്നെ; പിടികൂടാൻ ഉടൻ നടപടിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കാണുന്നതെല്ലാം കടുവയാണെന്ന കടുവാപ്പേടി ഉണ്ടാക്കരുത്.
A K Saseendran
മന്ത്രി എ കെ ശശീന്ദ്രന്‍ ഫയല്‍ ചിത്രം
Updated on

കണ്ണൂർ: ആറളം ചതിരൂർ നീലായിയിൽ കഴിഞ്ഞ കുറേ ദിവസമായി ഭീതി പരത്തുന്നത് കടുവയല്ല, പുലിയാണെന്ന് കാമറ ട്രാപ്പിലൂടെ സ്ഥിരീകരിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പുലിയെ പിടികൂടുന്നതിന് നടപടി സ്വീകരിക്കും. കടുവ ഭീതി ഒഴിഞ്ഞ സാഹചര്യത്തിലും വനം വകുപ്പിന്റെ പരിശോധന തുടരും. ആറ് പേരടങ്ങുന്ന മൂന്ന് സംഘമാണ് രാത്രി പരിശോധന നടത്തുന്നത്. അത് തുടരും. വന്യജീവി സാന്നിധ്യം അടുത്തൊന്നും ഇല്ലെന്ന് സ്ഥിരീകരിക്കും വരെ പരിശോധന തുടരുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രദേശത്തെ 25ഓളം കുടുംബങ്ങൾ വനത്തിലെ ജലസ്രോതസ്സിൽ നിന്ന് താഴെ വീടുകളിലേക്ക് പൈപ്പിട്ടാണ് കുടിവെള്ളം ശേഖരിക്കുന്നത്. വന്യജീവി ഭയം കാരണം കാട്ടിലേക്ക് പോകാൻ സാധിക്കാത്തതിനാൽ കുടിവെള്ള ലഭ്യത ഇല്ലാതായിട്ടുണ്ട്. ഇവർക്ക് അടിയന്തിരമായി, സാധാരണ നില കൈവരിക്കുന്നത് വരെ കുടിവെള്ളം ലഭ്യമാക്കണം.

ഇതിനായി, വനത്തിന് പുറത്ത് ടാങ്ക് സ്ഥാപിച്ച് അതിൽ ജലം ശേഖരിച്ച് വീടുകളിലേക്ക് നൽകും. അവിടെ ജലനിധിയുടെ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. പക്ഷേ, ആ പദ്ധതി പൂർത്തിയാക്കുന്നത് വരെ കാത്തിരിക്കാൻ ജനങ്ങൾക്കാവില്ല. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിർദേശങ്ങൾക്കനുസരിച്ച് രണ്ടോ മൂന്നോ ദിവസത്തിനകം ടാങ്ക് സ്ഥാപിക്കും. ഇതോടെ ഇവർക്ക് വെള്ളത്തിനായി കാട്ടിലേക്ക് പോവേണ്ടി വരില്ല. ഭീതിയില്ലാതെ നാട്ടിൽത്തന്നെ വെള്ളം കിട്ടുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

വനത്തിൽ അടിക്കാട് വെട്ടിത്തെളിക്കുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആറളം ഫാമിൽ, വനത്തിന് പുറത്ത് അടിക്കാട് തെളിക്കാൻ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള അധികാരം ഉപയോഗിച്ചോ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയോ ജില്ലാ കലക്ടർ പഞ്ചായത്തുകളുമായി ചർച്ച ചെയ്ത് പ്രായോഗികവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കും. വന്യജീവികളുടെ സാന്നിധ്യം പരിശോധിക്കാൻ ഏഴ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ഇത് വർധിപ്പിക്കേണ്ടതുണ്ടെങ്കിൽ അതിന് ആവശ്യമായ നടപടി എടുക്കും. രാത്രി വെളിച്ചമില്ലാത്തത് മൂലം വന്യജീവികളുടെ സാന്നിധ്യം മനസിലാക്കാൻ കഴിയാത്തതിനാൽ തെരുവുവിളക്കുകൾ വേണം. ഇത് സ്ഥാപിക്കേണ്ടത് തദ്ദേശ സ്വയംസ്ഥാപനങ്ങളാണ്. അവർക്ക് സാധിക്കില്ലെങ്കിൽ ജില്ലാ കലക്ടർ ദുരന്ത നിവാരണ നിയമപ്രകാരം കെഎസ്ഇബിയുമായി ആലോചിച്ച് തെരുവു വിളക്കുകൾ സ്ഥാപിക്കും.

ജനങ്ങളിൽ ഉയർന്നുവരുന്ന ആശങ്ക അവസാനിപ്പിക്കാനുള്ള എല്ലാ വിധ ക്രമീകരണങ്ങളും അവിടെ ഒരുക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കി ജനങ്ങൾക്ക് ഭീതിയില്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കാനാണ് ഊർജിത ശ്രമത്തിൽ ഏർപ്പെട്ടിട്ടുള്ളത്. കാണുന്നതെല്ലാം കടുവയാണെന്ന കടുവാപ്പേടി ഉണ്ടാക്കരുത്. ആന മതിലിന്റെ പ്രവൃത്തി 90 ശതമാനം കഴിഞ്ഞതായാണ് റിപ്പോർട്ട് ചെയ്തത്. ബാക്കിയുള്ള പ്രവൃത്തികൾ പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com