
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പിവി അന്‍വര്‍. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൂവും പുല്ലും അടയാളത്തിലാകും മത്സരിക്കുക. തന്റെ ജീവന്‍ നിലമ്പൂരുകാര്‍ക്ക് സമര്‍പ്പിക്കുകയാണ്. താനല്ല സ്ഥാനാര്‍ഥി, മറിച്ച് നിലമ്പൂരിലെ രണ്ടരലക്ഷം വോട്ടര്‍മാരാണെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം ചിഹ്നം സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
മലയോര കര്‍ഷകര്‍ക്ക് വേണ്ടിയിട്ടാണ് താന്‍ ഈ പോരാട്ടം മുഴുവന്‍ നടത്തിയത്. അവര്‍ക്ക് വേണ്ടിയിട്ടാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. 'ജനങ്ങള്‍ നിലമ്പൂരില്‍ എന്നെ കൈവിട്ടാല്‍ ഞാന്‍ ഉണ്ടാകും എന്ന പ്രതീക്ഷ എനിക്കില്ല. എന്റെ വിധി അതാണെങ്കില്‍ അത് നടക്കട്ടെ എന്നാണ് എന്റെയും തീരുമാനം. മരണത്തെ ഞാന്‍ ഭയപ്പെടുന്നില്ല.എന്റെ ജീവന്‍ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി പദവികളും സൗകര്യങ്ങളും മുഴുവന്‍ ത്യജിച്ച് നിങ്ങളെ വിശ്വസിച്ച് പോരാട്ടത്തിനിറങ്ങുന്നു. എന്നെ ഞാനാക്കിയത് നിലമ്പൂരുകാരാണ്. അവരിലാണ് എന്റെ പ്രതീക്ഷ'- അന്‍വര്‍ പറഞ്ഞു.
താന്‍ അല്ല സ്ഥാനാര്‍ഥി, നിലമ്പൂരിലെ ഓരോ വോട്ടറും സ്ഥാനാര്‍ഥിയാണ്. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ പാവപ്പെട്ട, പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മലയോര കര്‍ഷകരുള്‍പ്പെടെ എല്ലാ സാധാരണക്കാര്‍ക്കും സമര്‍പ്പിക്കുന്നെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
എം സ്വരാജിനെതിരെയും അന്‍വര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കവളപ്പാറ ഉരുള്‍പൊട്ടല്‍ സമയത്തെ ഇടപെടലുകളെക്കുറിച്ചുണ്ടായ വിവാദങ്ങളിലും അന്‍വര്‍ മറുപടി പറഞ്ഞു. പോത്ത്കല്ല് പ്രദേശവാസിയായ സ്വരാജ് തന്റെ കൂടെ ചില ഫോട്ടോകള്‍ എടുത്തുവെന്നല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന് അന്‍വര്‍ ആരോപിച്ചു. കശ്മീരും ഗാസയും പറഞ്ഞു മുസ്ലിം പിന്തുണ തേടുന്ന സ്വരാജ്, നാട്ടിലെ മുസ്ലിം പ്രശ്‌നത്തിനെതിരെ ഒന്നും പറയില്ലെന്ന് അന്‍വര്‍ പറഞ്ഞു. വിഎസിനെതിരെ സ്വരാജ് പറഞ്ഞത് നിലമ്പൂരിലെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറക്കില്ലെന്നും അന്‍വര്‍ പറഞ്ഞു. എസ് പിണറായി പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ വിഎസിനെ വെട്ടിപ്പട്ടിക്ക് ഇട്ടുകൊടുക്കണമെന്ന് പറഞ്ഞയാളാണ് സ്വരാജ്. സ്വരാജിന് ഈ അഭിപ്രായം ഉണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ല. പിണറായിക്ക് വേണ്ടിയാവും അങ്ങനെ പറഞ്ഞത്. അതുകൊണ്ടാണ് കയറി കയറി ഇവിടെയെത്തിയത്. ഒരാള്‍ പിണറായിസത്തിന്റെ വാഴ്ത്തുകാരനാണെങ്കില്‍ ഒരാള്‍ പിണറായിസത്തിന്റെ പിന്നണി പോരാളിയാണെന്നും അന്‍വര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ