നിലമ്പൂരില്‍ പി വി അന്‍വര്‍ സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം
PV Anwar
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ - PV Anvar Social Media
Updated on

കൊല്‍ക്കത്ത: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി വി അന്‍വറിനെ (PV Anvar) ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജനങ്ങളുടെ പിന്തുണ തേടി പി വി അന്‍വര്‍ രംഗത്തെത്തി. കൂടെ ഉണ്ടാവണം. നിങ്ങളാണ് സ്ഥാനാര്‍ഥികള്‍. എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അന്‍വറിന്റെ വോട്ടഭ്യര്‍ത്ഥന. നിങ്ങളുടെ പ്രശ്‌നങ്ങളാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ഞാന്‍ ഒരു പ്രതിനിധി മാത്രം. എന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പി വി അന്‍വര്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനൊപ്പം നിലമ്പൂരില്‍ അന്‍വര്‍ ശക്തിപ്രകടനവും നടത്തും. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് ദേശീയനേതൃത്വം അന്‍വറിനെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കുന്നതിനോട് അന്‍വറിന് താത്പര്യമെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുഡിഎഫ് പ്രവേശനം സാധ്യമായാല്‍ മത്സരിക്കില്ലെന്ന് നേരത്തെ അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്‍വറിന്റെ നിലപാടുകള്‍ പാടെ തള്ളിയ യുഡിഎഫ് നേതൃത്വം ചര്‍ച്ചകള്‍ക്കുള്ള സാധ്യത ബാക്കിവച്ച് നടപടികള്‍ അവസാനിപ്പിച്ചിരുന്നു. പിന്നാലെ അന്‍വര്‍ നിലമ്പൂരില്‍ വെല്ലുവിളിയല്ലെന്ന് യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഞായറാഴ്ച രാവിലെ, മാധ്യമങ്ങളെ കണ്ട അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടില്‍നിന്ന് മലക്കം മറിഞ്ഞുകൊണ്ടായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. താന്‍ മത്സരിച്ചാല്‍ മമതാ ബാനര്‍ജിയും പത്ത് മന്ത്രിമാരും പ്രചാരണത്തിനെത്തുമെന്ന് നേരത്തെ അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com